നെന്മാറ ഇരട്ടകൊലപാതകത്തില്‍ പോലീസിന് ഗുരുതര വീഴ്ച

നെന്മാറയില് ഇരട്ടക്കൊലപാതക കേസില്‍ പോലീസിന് ഗുരുതര വീഴ്ച പറ്റിയെന്ന് റിപോര്‍ട്ട്. പോലീസിന്റെ ഇടപെടല്‍ ഉണ്ടായിരുന്നെങ്കില്‍ ഇരട്ടക്കൊലയിലേക്ക് കാര്യങ്ങള്‍ നീങ്ങുമായിരുന്നില്ലെന്നും പ്രതി ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നും നാട്ടുകാര്‍ വ്യക്തമാക്കുന്നു.
2022 ല്‍ നെന്മാറ പൊലീസ് സ്റ്റേഷന് പരിധിയില്‍ കടക്കരുതെന്ന ഉപാധിയോടെയായിരുന്നു കോടതി ചെന്താമരയ്ക്ക് ജാമ്യം കൊടുത്തിരുന്നത്. എന്നാല്‍ 2023 ല്‍ നെന്മാറ പഞ്ചായത്ത് പരിധി മാത്രമാക്കി ജാമ്യ ഇളവ് ചുരുക്കി.പ്രതി ഉപാധി ലംഘിച്ച് പഞ്ചായത്തിലെത്തി താമസമാക്കിയ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടും പൊലീസ് നടപടി എടുക്കുകയോ ജാമ്യം റദ്ദാക്കാന്‍ കോടതിയെ പൊലീസ് സമീപിക്കുകയോ ചെയ്തിരുന്നില്ല. ചെന്താമര മറ്റ് രണ്ട് പേരെ കൂടി കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നതായി അയല്‍വാസി പുഷ്പ പറഞ്ഞു.
വെട്ടുകത്തിയില്‍ വടിവെച്ച് കെട്ടിയ ശേഷമാണ് പ്രതി ചെന്താമര സുധാകരനേയും അമ്മ മീനാക്ഷിയേയും വെട്ടിയത്. സുധാകരന് സ്കൂട്ടറില്‍ വരുമ്പോള്‍ മറഞ്ഞിരുന്ന പ്രതി വെട്ടുകത്തി ഉപയോഗിച്ച് വെട്ടിവീഴ്ത്തുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ മീനാക്ഷിയേയും ഇയാള്‍ ആഞ്ഞ് വെട്ടി. രണ്ട് പേരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. കൊല നടത്തിയ ശേഷം പ്രതി കടന്നുകളഞ്ഞിട്ടും ഇതുവരെയായിട്ടും പോലീസിന് പിടിക്കാനായിട്ടില്ലെന്നതും പ്രതിഷേധം ശക്തമാക്കാന്‍ ഇടയാക്കിയിട്ടുണ്ട്. പ്രതിക്കായി തമിഴ്നാട്ടില്‍ അന്വേഷണം നടത്തുകയാണ് പോലീസ് ഇപ്പോള്‍.
The post നെന്മാറ ഇരട്ടകൊലപാതകത്തില്‍ പോലീസിന് ഗുരുതര വീഴ്ച appeared first on Metro Journal Online.