Kerala

അപൂര്‍വ രക്തത്തിനായി ഇനി നെട്ടോട്ടമോടേണ്ട; ദാതാക്കൾ റെഡി: കേരള റെയര്‍ ബ്ലഡ് ഡോണര്‍ രജിസ്ട്രി പുറത്തിറക്കി

ട്രാന്‍സ്ഫ്യൂഷന്‍ സേവനങ്ങളിലെ പ്രധാന വെല്ലുവിളിയാണ് അനുയോജ്യമായ രക്തം കണ്ടെത്താനുള്ള ബുദ്ധിമുട്ട്. ഇതിന് പരിഹാരമായി അപൂര്‍വ രക്തദാതാക്കളെ തിരിച്ചറിയാനുള്ള റെയര്‍ ബ്ലഡ് ഡോണര്‍ രജിസ്ട്രി കേരള ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സില്‍ പുറത്തിറക്കി.

കൂടുതല്‍ രക്തദാതാക്കളെ ഉള്‍പ്പെടുത്തി രജിസ്ട്രി വിപുലപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നിരവധി ആന്റിജനുകള്‍ പരിശോധിച്ച ശേഷമാണ് അപൂര്‍വ രക്തദാതാക്കളുടെ രജിസ്ട്രി സജ്ജമാക്കിയത്. ഉടന്‍ തന്നെ രജിസ്ട്രിയുടെ സേവനം സംസ്ഥാനത്താകെ ലഭ്യമാക്കും. കൂടുതല്‍ രോഗികള്‍ക്ക് ഉപകാരപ്പെടാന്‍ രജിസ്ട്രിയെപ്പറ്റിയുള്ള പ്രാഥമിക വിവരങ്ങള്‍ വൈദ്യ സമൂഹത്തിലേയ്ക്കും പൊതുജനങ്ങളിലേയ്ക്കും എത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കൊച്ചിയില്‍ എല്ലാ സംസ്ഥാനങ്ങളിലേയും പ്രതിനിധികള്‍ പങ്കെടുത്ത ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ സര്‍വീസിന്റെ ദേശീയ കോണ്‍ക്ലേവിലാണ് റെയര്‍ ബ്ലഡ് ഡോണര്‍ രജിസ്ട്രി പ്രകാശനം ചെയ്തതത്. കേരള മോഡല്‍ റെയര്‍ ബ്ലഡ് ഡോണര്‍ രജിസ്ട്രി രാജ്യത്താകെ വ്യാപിപ്പിക്കുമെന്ന് കേന്ദ്ര ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ സര്‍വീസസ് ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളെ ഏകോപിപ്പിച്ചാണ് ഈ പദ്ധതി പൂര്‍ത്തിയാക്കിയത്. കേരള സ്റ്റേറ്റ് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സില്‍ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് രക്ത ബാങ്കിനെ സ്റ്റേറ്റ് നോഡല്‍ സെന്ററായി തിരഞ്ഞെടുത്തു. 2 കോടിയോളം രൂപയാണ് ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്റെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ചിരുന്നത്.

ഇതുവരെ 3000 അപൂര്‍വ രക്തദാതാക്കളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ നാല് പ്രദേശങ്ങളിലെ സന്നദ്ധ രക്ത ദാതാക്കളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ചു അതിലെ 18 ആന്റിജനുകള്‍ പരിശോധിച്ചിരുന്നു. പല തവണ രക്തം സ്വീകരിക്കേണ്ടി വരുന്ന തലാസീമിയ, അരിവാള്‍ രോഗം, വൃക്ക, കാന്‍സര്‍ രോഗികള്‍ എന്നിവരിലും ഗര്‍ഭിണികളിലും ആന്റിബോഡികള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. അവര്‍ക്ക് യോജിച്ച രക്തം ലഭിക്കാതെ വരുമ്പോള്‍ ഈ രജിസ്ട്രയില്‍ നിന്നും അനുയോജ്യമായ ദാതാവിനെ കണ്ടെത്തി രക്തം കൃത്യ സമയത്ത് നല്‍കി ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നതാണ്.

ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ സര്‍വീസ് രംഗത്ത് നൂതനവും പ്രസക്തവുമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കുന്ന റെയര്‍ ബ്ലഡ് ഡോണര്‍ രജിസ്ട്രി ടീമിനെ കേന്ദ്ര ആരോഗ്യ മന്ത്രാലയം ആദരിച്ചു.

The post അപൂര്‍വ രക്തത്തിനായി ഇനി നെട്ടോട്ടമോടേണ്ട; ദാതാക്കൾ റെഡി: കേരള റെയര്‍ ബ്ലഡ് ഡോണര്‍ രജിസ്ട്രി പുറത്തിറക്കി appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button