Kerala

എമ്പുരാൻ ഞാൻ കാണില്ല, കാണുമെന്ന് പറഞ്ഞിരുന്നു; ഇത്തരത്തിലുള്ള സിനിമാ നിർമ്മാണത്തിൽ നിരാശൻ: രാജീവ് ചന്ദ്രശേഖർ

കൊച്ചി: എമ്പുരാൻ സിനിമയ്ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. എമ്പുരാൻ കാണില്ലെന്നും ഇത്തരത്തിലുള്ള സിനിമാനിർമ്മാണത്തിൽ താൻ നിരാശനാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് തന്റെ നിലപാട് വ്യക്തമാക്കിയത്. ലൂസിഫർ ഇഷ്ടപ്പെട്ടിരുന്നുവെന്നും അതിന്റെ തുടർച്ചയാണെന്ന് കേട്ടപ്പോൾ എമ്പുരാൻ കാണുമെന്ന് താൻ പറഞ്ഞിരുന്നതായും രാജീവ് ചന്ദ്രശേഖർ കുറിച്ചു. മോഹൻലാൽ ആരാധകരെയും മറ്റ് പ്രേക്ഷകരെയും അസ്വസ്ഥരാക്കുന്ന വിഷയങ്ങൾ സിനിമയിലുണ്ടെന്ന് തനിക്ക് മനസ്സിലായി. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കൂട്ടിച്ചേർത്തു.

രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് കുറിപ്പ്

ലൂസിഫർ കണ്ടിരുന്നു, എനിക്ക് അത് ഇഷ്ടപ്പെട്ടു. ലൂസിഫറിന്റെ തുടർച്ചയാണെന്ന് കേട്ടപ്പോൾ എമ്പുരാൻ കാണുമെന്ന് ഞാൻ പറഞ്ഞിരുന്നു.എന്നാൽ ഇപ്പോൾ സിനിമയുടെ നിർമ്മാതാക്കൾ തന്നെ സിനിമയിൽ 17 ഭേദഗതികൾ വരുത്തിയിട്ടുണ്ടെന്നും ചിത്രം വീണ്ടും സെൻസർഷിപ്പിന് വിധേയമാകുന്നുണ്ടെന്നും എനിക്ക് മനസ്സിലായി. മോഹൻലാൽ ആരാധകരെയും മറ്റ് പ്രേക്ഷകരെയും അസ്വസ്ഥരാക്കുന്ന വിഷയങ്ങൾ സിനിമയിലുണ്ടെന്ന് എനിക്ക് മനസ്സിലായി.ഒരു സിനിമയെ ഒരു സിനിമയായി കാണണം. അതിനെ ചരിത്രമായി കാണാൻ കഴിയില്ല. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യും.അപ്പോൾ, ലൂസിഫറിന്റെ ഈ തുടർച്ച ഞാൻ കാണുമോ?- ഇല്ല.ഇത്തരത്തിലുള്ള സിനിമാനിർമ്മാണത്തിൽ ഞാൻ നിരാശനാണോ? – അതെ.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു എമ്പുരാൻ തിയേറ്ററുകളിൽ എത്തിയത്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ വിവാദവും പൊട്ടിപ്പുറപ്പെട്ടു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമർശങ്ങൾ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാർ രംഗത്തെത്തി. ബുക്ക് ചെയ്ത ടിക്കറ്റുകൾ വരെ ചിലർ ക്യാൻസൽ ചെയ്തിരുന്നു. ചിത്രത്തിനെതിരെ ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറും രംഗത്തെത്തിയിരുന്നു.

എമ്പുരാനിലുളളത് ഹിന്ദു വിരുദ്ധ അജണ്ടയെന്നാണ് ഓർഗനൈസറിലെ ലേഖനത്തിൽ പറയുന്നത്. 2002ലെ കലാപത്തിൽ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നതിലൂടെ പൃഥ്വിരാജ് നടപ്പിലാക്കിയത് രാഷ്ട്രീയ അജണ്ടയാണ്. മോഹൻലാലിന്റെ വേഷം ആരാധകരെ ചതിക്കുന്നതെന്നും ഓർഗനൈസർ ലേഖനത്തിൽ അഭിപ്രായമുണ്ടായിരുന്നു. എന്നാൽ ഈ ലേഖനത്തിനെതിരെയും വലിയ വിമർശനമാണ് ഉയരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button