Kerala

വയനാട് – കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ച് റോപ്​വേ; ചെലവ് 100 കോടി: ദൂരം 3.67 കിലോമീറ്റർ

വയനാട് – കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള റോപ്‌വേ പദ്ധതി സാക്ഷാത്കരിക്കാൻ പോകുന്നു. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലാണ് (പിപിപി) പദ്ധതി നടപ്പാക്കാൻ പോവുക. ഇതുമായി ബന്ധപ്പെട്ട് കെഎസ്‌ഐഡിസിക്ക് സർക്കാർ അനുമതി നൽകുകയും ചെയ്തു. 100 കോടിയിലേറെ ചെലവ് വരുന്ന പദ്ധതി 3.67 കി.മീ ദൂരത്തിൽ അടിവാരം മുതൽ ലക്കിടി വരെയാണ് റോപ്‌വേ ഒരുങ്ങുന്നത്.

2023 ഒക്‌ടോബറിൽ ചേർന്ന സംസ്ഥാന ഏകജാലക ക്ലിയറൻസ് ബോർഡ് യോഗത്തിലാണ് വെസ്റ്റേൺ ഘാട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ഇരു ജില്ലകളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള റോപ്‌വേ പദ്ധതിക്ക് നിർദേശം മുന്നോട്ടുവച്ചത്. തുടർന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതി പദ്ധതിയെക്കുറിച്ച് പഠിക്കുകയും ചെയ്തു. പഠനത്തിന് ശേഷമാണ് പിപിപി മോഡലിൽ പദ്ധതി നടപ്പാക്കുന്നതിന് സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (കെഎസ്‌ഐഡിസി) എംഡിക്ക് നിർദേശം നൽകിയത്.

കഴിഞ്ഞ വർഷം ജൂണിൽ ചീഫ് സെക്രട്ടറി തലത്തിൽ നടന്ന ചർച്ചയിൽ പദ്ധതിയുടെ ലോവർ ടെർമിനലിന് ആവശ്യമായ ഒരേക്കർ ഭൂമി കൈമാറുന്നതിനുള്ള കാര്യത്തിലും തീരുമാനമായിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നതിന് സർക്കാർ കെഎസ്‌ഐഡിസിക്ക് അനുമതി നൽകി ഉത്തരവിറക്കിയിരിക്കുന്നത്. പദ്ധതിക്ക് ആവശ്യമായ ഭൂമി റവന്യു വകുപ്പിനും തുടർന്ന് കെഎസ്‌ഐഡിസിക്കും കൈമാറുന്നതിന്റെ എത്രയും വേ​ഗം പൂർത്തിയാക്കണമെന്നും ഉത്തരവിൽ പറയുന്നു.

അടിവാരം മുതൽ ലക്കിടി നവരെ ബന്ധിപ്പിക്കുന്നതിന് 3.675 കിലോമീറ്റർ ദൂരത്തിലാണ് റോപ്‌വേ പദ്ധതി നടപ്പാക്കുന്നത്. പദ്ധതി യാഥാർത്ഥ്യമായാൽ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും നീളമുള്ള റോപ്‌വേ ആയിരിക്കും ഇത്. ഏകദേശം രണ്ട് ഹെക്ടർ വനഭൂമിക്ക് മുകളിലൂടെയാണ് റോപ്‌വേ ഇരു ജില്ലകളെയും ബന്ധിപ്പിക്കുന്നത്.

ഒരു വശത്തേക്കുള്ള യാത്ര പൂർത്തിയാക്കുന്നതിന് ഏകദേശം 15 മിനിറ്റ് സമയമാണ് വേണ്ടിവരിക. 3 കിലോമീറ്ററാണ് വയനാടും കോഴിക്കോടും തമ്മിലുള്ള റോപ് വേ ദൂരം. അതേസമയം ചുരത്തിലൂടെ അടിവാരം മുതൽ ലക്കിടി വരെ 40 മിനിറ്റ് യാത്രയാണ് നിലവിൽ വേണ്ടിവരുന്നത്. ഒരേസമയം ആറ് പേർക്കു യാത്ര ചെയ്യാനാകുന്ന എസി കേബിൾ കാറുകളാണ് റോപ്‌വേയിൽ ഒരുക്കുന്നത്. അതിമനോഹരമായ കാഴ്ച്ചയാവും യാത്രക്കാർക്ക് ഇതിലൂടെ ലഭ്യമാകുന്നത്.

മണിക്കൂറിൽ 400 പേർക്ക് റോപ്വേ സൗകര്യം ഉപയോ​ഗപ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി അടിവാരത്തിനും ലക്കിടിക്കും ഇടയിൽ 40 ടവറുകൾ സ്ഥാപിക്കേണ്ടിവരും. പദ്ധതി നടപ്പായാൽ ബത്തേരിയിൽനിന്നു ലക്കിടി വരെയും കോഴിക്കോടുനിന്ന് അടിവാരം വരെയും പ്രത്യേക ബസ് സർവീസുകളും ഏർപ്പെടുത്തുകയും ചെയ്യും. പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സാങ്കേതിക അനുമതികളെല്ലാം നേടിക്കഴിഞ്ഞു.

The post വയനാട് – കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ച് റോപ്​വേ; ചെലവ് 100 കോടി: ദൂരം 3.67 കിലോമീറ്റർ appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button