ഗ്രഹാം സ്റ്റെയിനെയും മക്കളെയും ചുട്ടുകൊന്ന കേസിലെ പ്രതിയെ ഒഡീഷ സർക്കാർ ജയിൽ മോചിതനാക്കി

ഓസ്‌ട്രേലിയൻ ക്രിസ്ത്യൻ മിഷണറി ഗ്രഹാം സ്‌റ്റെയിനെയും പ്രായപൂർത്തിയാകാത്ത രണ്ട് മക്കളെയും തീവെച്ചു കൊന്ന കേസിലെ പ്രതിയെ നല്ല നടപ്പ് കണക്കിലെടുത്ത് ഒഡീഷ സർക്കാർ ജയിൽ മോചിതനാക്കി. ലോകത്ത് തന്നെ വലിയ വിവാദമുണ്ടാക്കിയ കേസിൽ 24 വർഷം ജയിലിലായിരുന്ന മഹേന്ദ്ര ഹെബ്രാമിനെയാണ് ബിജെപി സർക്കാർ ജയിൽ മോചിതനാക്കിയത്
ജയിലിൽ നിന്ന് പുറത്തിറങ്ങിയ മഹേന്ദ്രയെ ജയ് ശ്രീറാം വിളികളോടെയാണ് സംഘ്പരിവാർ പ്രവർത്തകർ സ്വീകരിച്ചത്. കിയോഞ്ചാർ ജയിലിലായിരുന്നു പ്രതി. 1999 ജനുവരി 22നാണ് വാനിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഗ്രഹാം സ്റ്റെയിനെയും മക്കളായ പത്ത് വയസുകാരൻ ഫിലിപ്പ്, ആറ് വയസ്സുള്ള തിമോത്തി എന്നിവരെ ചുട്ടുകൊന്നത്
ബജ്‌റംഗ് ദളായിരുന്നു കൊലപാതകത്തിന് പിന്നിൽ. മതപരിവർത്തനം ആരോപിച്ചായിരുന്നു ക്രൂരകൃത്യം. കേസിൽ 51 പേർ അറസ്റ്റിലായി. ഇതിൽ 37 പേരെ വിചാരണക്കിടെ കുറ്റവിമുക്തരാക്കി. ധാരാ സിംഗ്, മഹേന്ദ്ര ഹെബ്രാം അടക്കം 14 പേരെ ശിക്ഷിച്ചു. എന്നാൽ ഒഡീഷ ഹൈക്കോടതി 11 പേരെ കൂടി കുറ്റവിമുക്തരാക്കിയതോടെ കേസിൽ മൂന്ന് പേരാണ് ശിക്ഷ അനുഭവിക്കുന്നത്.