കോന്നി ആനക്കൂടിൽ നാല് വയസുകാരൻ മരിച്ച സംഭവം; ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി

കോന്നി ആനക്കൂടിൽ കോൺക്രീറ്റ് തൂണ് ഇളകി വീണ് നാല് വയസുകാരൻ മരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. ഗാർഡൻ ഫെൻസിംഗിന്റെ ഭാഗമായി സ്ഥാപിച്ച കോൺക്രീറ്റ് തൂൺ ഇളകി വീണാണ് അപകടം നടന്നത്. അടൂർ കടമ്പനാട് സ്വദേശി അഭിരാമാണ് മരിച്ചത്.
ഇന്ന് രാവിലെ ആനകളെ കാണാനായി കുടുംബത്തോടൊപ്പം എത്തിയതായിരുന്നു കുട്ടി. ഗുരുതരമായി പരുക്കേറ്റ അഭിരാമിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല. അപകട സാധ്യതയുണ്ടായിട്ടും വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയെന്നാണ് മനസിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു
ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്ററിൽ നിന്നും മന്ത്രി അടിയന്തരമായി റിപ്പോർട്ട് തേടി. അപകടത്തെ തുടർന്ന് കോന്നി ആനക്കൂട് താത്കാലികമായി അടച്ചു.
The post കോന്നി ആനക്കൂടിൽ നാല് വയസുകാരൻ മരിച്ച സംഭവം; ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി appeared first on Metro Journal Online.