Kerala
കഞ്ചാവ് വിൽപ്പന പോലീസിൽ അറിയിച്ചു; യുവാക്കളെ ലഹരിസംഘം വെട്ടി പരുക്കേൽപ്പിച്ചു

കഞ്ചാവ് വിൽപ്പന പോലീസിൽ അറിയിച്ചതിന് പിന്നാലെ ലഹരി സംഘം യുവാക്കളെ വെട്ടി പരുക്കേൽപ്പിച്ചു. തിരുവനന്തപുരം കാട്ടായിക്കോണം പട്ടാരി സ്വദേശികളായ സഹോദരങ്ങൾക്ക് നേരെയാണ് ആക്രമണം നടന്നത്. പരുക്കേറ്റ രതീഷ്, രജനീഷ് എന്നിവർ ചികിത്സയിലാണ്.
എട്ടോളം പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചത്. സംഭവത്തിൽ വധശ്രമത്തിന് പോത്തൻകോട് പോലീസ് കേസെടുത്തു. ആദ്യ ആക്രമണശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടതിന് പിന്നാലെയാണ് ഇവർക്കെതിരെ വീണ്ടും ആക്രമണം നടന്നത്.
പോലീസിന് നൽകിയ വിവരം പ്രതികൾക്ക് ചോർന്നുകിട്ടിയെന്ന് ആരോപണമുയരുന്നുണ്ട്. വാൾ കൊണ്ടുള്ള വെട്ടേറ്റ് രതീഷിന്റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. വെട്ട് തടഞ്ഞപ്പോൾ കൈയ്ക്കും പരുക്കേറ്റു. തടയാൻ ചെന്ന അനിയൻ രജനീഷിനെ മൺവെട്ടി കൊണ്ടും ആക്രമിച്ചു.