Kerala

വിഴിഞ്ഞം തുറമുഖം നിര്‍മാണം 2028ഓടെ പൂർത്തിയാകും; ചരക്കുനീക്കങ്ങളുടെ ഹബ്ബായി മാറുമെന്നും മുഖ്യമന്ത്രി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിർമാണ പ്രവർത്തികൾ 2028ഓടെ പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതോടെ അന്താരാഷ്ട്ര ചരക്കുനീക്കങ്ങളുടെ ഹബ്ബായി വിഴിഞ്ഞം മാറുമെന്നും വിഴിഞ്ഞത്തിന്റെ വളർച്ച കേരളത്തിൽ വലിയ വികസന സാധ്യതകൾക്ക് വഴിയൊരുക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു

കുറിപ്പിന്റെ പൂർണരൂപം

ലോക വാണിജ്യ ഭൂപടത്തിൽ നമ്മുടെ നാടിനെ അടയാളപ്പെടുത്തുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിക്കുകയാണ്. ആർബിട്രേഷൻ നടപടികൾ ഒഴിവാക്കി പുതിയ കരാറിലേക്ക് എത്തിയതോടെയാണ് രാജ്യത്തെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലായത്.
വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റൺ 2024 ജൂലൈ 13നാണ് ആരംഭിച്ചത്. ഇക്കഴിഞ്ഞ ഡിസംബർ 3 മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങിയ തുറമുഖത്ത് ഇതുവരെ 265 കപ്പൽ എത്തി. 5.48 ലക്ഷം ടിഇയു ചരക്കുകൾ ഇതുവരെ കൈകാര്യം ചെയ്ത് വലിയ മുന്നേറ്റമുണ്ടാക്കാനും സാധിച്ചു. തുറമുഖത്തിന്റെ ആകെ നിർമ്മാണ ചെലവായ 8867.14 കോടി രൂപയിൽ 5595.34 കോടി രൂപയും സംസ്ഥാന സർക്കാരാണ് വഹിച്ചത്. 2034 മുതൽ തന്നെ ചരക്കുനീക്കങ്ങൾ വഴിയുള്ള വരുമാനത്തിന്റെ വിഹിതം സർക്കാരിന് ലഭിക്കുന്ന രീതിയിലാണ് നിലവിലുള്ള ധാരണയിലെത്തിയിരിക്കുന്നത്.
2028 ഓടെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയാവുന്നതോടെ അന്താരാഷ്ട്ര ചരക്കുനീക്കങ്ങളുടെ പ്രധാന ഹബ്ബായി വിഴിഞ്ഞം തുറമുഖം മാറും. രാജ്യത്തെ ചരക്കുനീക്കങ്ങളുടെ സിരാകേന്ദ്രമായുള്ള വിഴിഞ്ഞത്തിന്റെ വളർച്ച കേരളത്തിൽ വലിയ വികസനസാധ്യതകൾക്കും വഴിയൊരുക്കും.

The post വിഴിഞ്ഞം തുറമുഖം നിര്‍മാണം 2028ഓടെ പൂർത്തിയാകും; ചരക്കുനീക്കങ്ങളുടെ ഹബ്ബായി മാറുമെന്നും മുഖ്യമന്ത്രി appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button