കോട്ടക്കലിൽ ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവം; പ്രതിചേർക്കപ്പെട്ട ബസ് ഡ്രൈവറെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മഞ്ചേരി: കഴിഞ്ഞമാസം കോട്ടക്കൽ ഒതുക്കുങ്ങലിൽ ബസിലെ തൊഴിലാളികളും ഓട്ടോറിക്ഷ ഡ്രൈവറും തമ്മിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട റിമാൻഡിൽ കഴിഞ്ഞ തിരൂർ – മഞ്ചേരി PTB ബസിലെ ഡ്രൈവർ ആനക്കയം പുള്ളിലങ്ങാടി സ്വദേശി ഷിജു (37) നെ മഞ്ചേരി മെഡിക്കൽ കോളേജിന് സമീപത്തുള്ള ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ഓട്ടോ ഡ്രൈവർ മരണപ്പെട്ടത് ബസ്സുകാരുടെ ആക്രമണത്തിലാണ് എന്ന് കാണിച്ചാണ് ബസ്സിലെ ഡ്രൈവറെയും കണ്ടക്ടറെയും ക്ലീനറെയും പ്രതി ചേർത്ത് പോലീസ് കേസെടുക്കുകയും ഇതിനെ തുടർന്ന് ഇവർ റിമാൻഡിൽ പോവുകയും ചെയ്തത്.
ഇതിനുശേഷം ജാമ്യത്തിൽ ഇറങ്ങിയ ഷിജുവിനെ അന്വേഷിച്ച് ഫോൺ കോൾ വരികയും അതിലൂടെ ഭീഷണിപ്പെടുത്തുന്ന സംഭവവും ഉണ്ടായിരുന്നു. കോട്ടക്കൽ ബസ്റ്റാൻഡിൽ വച്ചും മരണപ്പെട്ട ഓട്ടോ ഡ്രൈവറുടെ ബന്ധുക്കൾ എന്ന് പറയുന്ന ആളുകൾ വന്ന് ഈ ബസ്സിലെ തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ടെന്ന് ബസ് തൊഴിലാളികൾ പറയുന്നു.
ഈ സംഭവത്തിനുശേഷം ഈ മൂന്ന് തൊഴിലാളികളും ബസ്സിൽ തൊഴിലെടുക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാവുകയും സാമ്പത്തികമായി ഏറെ പ്രയാസം അനുഭവിക്കുകയും ചെയ്തിരുന്നു. ഇതിനു പുറകെയാണ് ഇവർക്കെതിരെ ഭീഷണികളും വന്നുകൊണ്ടിരുന്നത്. ഭീഷണിയുമായി ബന്ധപ്പെട്ട് മലപ്പുറം SHO ക്ക് പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ ഈ പരാതിയിൽ തുടരന്വേഷണം ഒന്നും ഉണ്ടായില്ല എന്നാണ് ബസ് തൊഴിലാളികൾ പറയുന്നത്. മരണപ്പെട്ട ഷിജു മൂന്ന് കുട്ടികളുടെ പിതാവാണ്.
The post കോട്ടക്കലിൽ ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവം; പ്രതിചേർക്കപ്പെട്ട ബസ് ഡ്രൈവറെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി appeared first on Metro Journal Online.