കോട്ടയത്തെ അമ്മയുടെയും മക്കളുടെയും മരണം; ഭര്‍തൃവീട്ടിലെ പീഡനം തന്നെയാണ് കാരണമെന്ന് ജിസ്മോളുടെ സുഹൃത്തിൻ്റെ വെളിപ്പെടുത്തൽ

കോട്ടയം: പേരൂരില്‍ അമ്മയും പെണ്കുഞ്ഞുങ്ങളും ആറ്റില്‍ ചാടി മരിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി മരിച്ച ജിസ്മോളുടെ സുഹൃത്ത് നിള. ഭര്‍തൃവീട്ടിലെ ക്രൂരപീഡനം തന്നെയാണ് ജിസ്മോളുടെയും കുഞ്ഞുങ്ങളുടെയും ആത്മഹത്യയ്ക്ക് കാരണമെന്ന് നിള പറഞ്ഞു. വീട്ടില്‍ കലഹങ്ങള്‍ പതിവായിരുന്നെന്നും ജിസ്മോളുടെയും മകളുടെയും നിറത്തെ ചൊല്ലി ഭര്‍തൃമാതാവ് നിരന്തരം അപമാനിച്ചിരുന്നെന്നും നിള വെളിപ്പെടുത്തി.
കഴിഞ്ഞ നവംബറില്‍ ജിസ്മോളെ നേരില്‍ കണ്ടിരുന്നു. ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞ് അവള് കരഞ്ഞു. ജിസ്മോളുടെയും മകളുടെയും നിറത്തെച്ചൊല്ലി ഭര്‍തൃമാതാവ് നിരന്തരം അപമാനിച്ചിരുന്നു. സ്ത്രീധനത്തെ ചൊല്ലിയും തര്‍ക്കങ്ങളുണ്ടായിരുന്നു. ഭര്‍ത്താവ് ജിമ്മി മര്‍ദ്ദിച്ചതിനെക്കുറിച്ചും ഒരാഴ്ച്ചയോളം വീട്ടില്‍ നിന്ന് ഇറക്കിവിട്ടതിനെക്കുറിച്ചും ജിസ്മോള്‍ അന്ന് പറഞ്ഞു. വീട്ടില്‍ കലഹങ്ങള്‍ പതിവായിരുന്നു. എന്നാല്‍ കുടുംബത്തെ ഓര്‍ത്ത് ജിസ്മോള്‍ കൂടുതല്‍ പ്രശ്നങ്ങള്‍ പുറത്തുപറഞ്ഞിരുന്നില്ല’- നിള പറഞ്ഞു. അതേസമയം, സംഭവത്തില്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും വനിതാ കമ്മീഷനും ജിസ്മോളുടെ കുടുംബം നാളെ പരാതി നല്‍കും.
ഏപ്രില്‍ പതിനഞ്ചിനാണ് മുന്‍ മുത്തോലി പഞ്ചായത്ത് പ്രസിഡന്റും അഭിഭാഷകയുമായ ജിസ്മോള്‍ അഞ്ചും രണ്ടും വയസുളള മക്കളെയുമെടുത്ത് പുഴയിലേക്ക് ചാടി ജീവനൊടുക്കിയത്. രാവിലെ കുഞ്ഞുങ്ങളുമായി വീട്ടില്‍വെച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമം നടത്തിയിരുന്നു. കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിക്കാനുളള ശ്രമം നടത്തി. കുഞ്ഞുങ്ങള്‍ക്ക് വിഷവും നല്‍കിയിരുന്നു. തുടര്‍ച്ചയായി ആത്മഹത്യാശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് ജിസ്മോള്‍ കുഞ്ഞുങ്ങളുമായി ആറ്റില്‍ ചാടാന്‍ തീരുമാനിച്ചത്. പുഴയിലേക്ക് ചാടിയ ഉടന്‍ നാട്ടുകാരെത്തി ഇവരെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ മൂവരുടെയും മരണം സംഭവിക്കുകയായിരുന്നു. ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകയാണ് ജിസ്മോള്‍. നോഹ, നോറ എന്നിവരാണ് മക്കള്‍.