National

രാജ്യ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; പെഗാസസ് ഉപയോഗിക്കുന്നതിൽ തെറ്റില്ല: സുപ്രീം കോടതി

ന്യൂഡൽഹി: ഒരു രാജ്യം സ്പൈവെയർ കൈവശം വയ്ക്കുകയും രാജ്യ സുരക്ഷയ്ക്കായി അത് ഉപയോഗിക്കുകയും ചെയ്യുന്നതിൽ തെറ്റില്ലെന്ന് സുപ്രീം കോടതി. ആർക്കെതിരെ ഉപയോഗിക്കുന്നു എന്നതിലായിരിക്കും ഒരേയൊരു ചോദ്യം എന്നും സുപ്രീം കോടതി പറഞ്ഞു.

ഇസ്രായേൽ നിർമ്മിത സ്‌പൈവെയറായ പെഗാസസ്, മാധ്യമപ്രവർത്തകർ, ആക്ടിവിസ്റ്റുകൾ, രാഷ്ട്രീയക്കാർ എന്നിവരെ നിരീക്ഷിക്കാൻ ഉപയോഗിക്കുന്നുണ്ടെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ 2021ൽ സമർപ്പിച്ച ഒരു കൂട്ടം ഹർജികൾ പരിഗണിക്കവെ ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സർക്കാരിന്റെ പക്കൽ സ്പൈവെയർ ഉണ്ടോ, അതുവാങ്ങി ഉപയോഗിച്ചിട്ടുണ്ടോ ഇല്ലയോ എന്നതാണ് അടിസ്ഥാന ചോദ്യമെന്ന് ഹർജിക്കാരിൽ ചിലർക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദിനേശ് ദ്വിവേദി വാദിച്ചു. സ്പൈവെയർ കൈവശമുണ്ടെങ്കിൽ, അത് തുടർച്ചയായി ഉപയോഗിക്കുന്നത് തടയാൻ യാതൊന്നും സർക്കാരിനു മുന്നിലില്ലെന്നും അഭിഭാഷകൻ പറഞ്ഞു.

രാജ്യം ഭീകരർക്കെതിരെ സ്പൈവെയർ ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിൽ എന്താണ് തെറ്റെന്നായിരുന്നു ഇതിനു മറുപടിയായി കോടതി ചോദിച്ചത്. സ്പൈവെയർ കൈവശം വയ്ക്കുക എന്നത് തെറ്റല്ലെന്നും ആർക്കെതിരെയാണ് അവ ഉപയോഗിക്കുന്നത് എന്നതിലാണ് കാര്യമെന്നും കോടതി പറഞ്ഞു. രാജ്യ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാനാവില്ലെന്നും കോടതി വ്യക്തമാക്കി.

ഭീകരർക്ക് സ്വകാര്യത അവകാശപ്പെടാനാകില്ലെന്ന്, കേന്ദ്രത്തിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. ഒരു പൗരന് ഭരണഘടന പ്രകാരം സ്വകാര്യതയ്ക്കുള്ള അവകാശവും സംരക്ഷണവുമുണ്ട്. അതുമായി ബന്ധപ്പെട്ട പരാതികൾ എപ്പോഴും പരിശോധിക്കാവുന്നതാണെന്ന് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

ഇസ്രായേൽ നിർമ്മിത സ്പൈവെയർ നിരീക്ഷണത്തിനായി ഉപയോഗിക്കുന്നുണ്ടെന്ന ആരോപണങ്ങൾ അന്വേഷിക്കാൻ 2021ൽ സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ആർ.വി രവീന്ദ്രന്റെ മേൽനോട്ടത്തിൽ മൂന്നംഗ സാങ്കേതിക സമിതി രൂപീകരിച്ചിരുന്നു. പരിശോധിച്ച ഫോണുകളിൽ സ്പൈവെയർ ഉപയോഗിച്ചതിന് നിർണായക തെളിവുകളൊന്നും കണ്ടെത്തിയില്ലെന്നായിരുന്നു കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തൽ. റിപ്പോർട്ടിന്റെ പരിഷ്കരിച്ച പകർപ്പ് ആവശ്യപ്പെട്ട് ഹർജിക്കാർ കോടതിയെ സമീപിച്ചിട്ടുണ്ട്. ജൂലൈ 30ന് കോടതി ഈ കേസ് പരിഗണിക്കും.

The post രാജ്യ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; പെഗാസസ് ഉപയോഗിക്കുന്നതിൽ തെറ്റില്ല: സുപ്രീം കോടതി appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button