പഹൽഗാം ഭീകരാക്രമണം: പാർട്ടി ലൈനിൽ നിന്ന് മാറി പ്രതികരിക്കരുത്, മാർഗനിർദേശവുമായി എഐസിസി

പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട പ്രതികരണങ്ങൾക്ക് കോൺഗ്രസിൽ നിയന്ത്രണം. കോൺഗ്രസ് പ്രവർത്തകർക്കും നേതാക്കൾക്കുമുള്ള എഐസിസി മാർഗനിർദേശം പുറത്തിറക്കി. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കണമെന്നും കോൺഗ്രസിന്റെ പാരമ്പര്യം കാത്ത് സൂക്ഷിക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.
പ്രവർത്തക സമിതി നിർദേശത്തിന് വിരുദ്ധമായ പ്രതികരണങ്ങളിൽ നടപടിയുണ്ടാകുമെന്നും താക്കീതുണ്ട്. പ്രധാനമന്ത്രിക്കെതിരായ എക്സ് ഹാൻഡിലിലെ വിമർശനം പാർട്ടിയെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെയാണ് സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നടപടി.
പഹൽഗാം ആക്രമണത്തിൽ പാർട്ടി ലൈനിൽ നിന്ന് മാറി പ്രതികരിച്ചാൽ നേതാക്കൾക്കെതിരെ പദവി നോക്കാതെ നടപടിയെടുക്കുമെന്നും പറയുന്നു. എല്ലാ പിസിസി മേധാവികൾക്കും, സിഎൽപി നേതാക്കൾക്കും, പാർട്ടി ജനറൽ സെക്രട്ടറിമാർക്കും, ചുമതലക്കാർക്കും, എംപിമാർക്കും, എംഎൽഎമാർക്കുമാണ് കെസി വേണുഗോപാൽ കത്തയച്ചത്.