Kerala

വിദേശജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: യുവതി അറസ്റ്റിൽ

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് കോടികൾ തട്ടിയ കേസിൽ “ടേക്ക് ഓഫ് ഓവർസീസ് എഡ്യൂക്കേഷണൽ കൺസൾട്ടൻസി’ സിഇഒയും പത്തനംതിട്ട സ്വദേശിയുമായ കാർത്തിക പ്രദീപ് പിടിയിൽ. തൃശൂർ സ്വദേശിയുടെ പരാതിയിൽ കൊച്ചി സെൻട്രൽ പൊലീസാണ് കോഴിക്കോട്ട് നിന്ന് കാർത്തികയെ കസ്റ്റഡിയിലെടുത്തത്.

 

യുകെയിൽ സോഷ്യൽ വർക്കർ ജോലി വാഗ്ദാനം ചെയ്ത് പല തവണയായി 5.23 ലക്ഷം രൂപ കൈപ്പറ്റിയതായാണ് തൃശൂർ സ്വദേശിനിയുടെ പരാതി. 2024 ഓഗസ്റ്റ് 26 മുതൽ ഡിസംബർ 14 വരെയുള്ള കാലയളവിലാണ് ബാങ്ക് അക്കൗണ്ട്, ഓൺലൈൻ എന്നിവ വഴി പരാതിക്കാരി പണം നൽകിയത്.

ഇവരെ കൂടാതെ തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നായി അഞ്ചുപേർ കാർത്തികയ്ക്കെതിരേ പരാതി നൽകിയിട്ടുണ്ടെന്ന് കൊച്ചി സെൻട്രൽ സ്റ്റേഷൻ ഹൗസ് ഓഫിസർ അനീഷ് ജോൺ പറഞ്ഞു. ജർമനി, യുകെ തുടങ്ങിയ വിദേശരാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്താണ് കാർത്തിക പണം തട്ടിയെടുത്തതെന്നും ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് പറഞ്ഞു.

നൂറിലേറെ ഉദ്യോഗാർഥികളാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്. ഉദ്യോഗാർഥികളിൽ നിന്ന് മൂന്ന് മുതൽ 8 ലക്ഷം രൂപ വരെയാണ് കാർത്തിക വാങ്ങിയിരുന്നത്. കൊച്ചിയിൽ മാത്രം മുപ്പത് ലക്ഷത്തോളം രൂപ ഇവർ പലരിൽ നിന്നായി വാങ്ങിയെന്നാണ് വിവരം. യുക്രൈനിൽ ഡോക്റ്റാണെന്നാണ് കാർത്തിക അവകാശപ്പെടുന്നത്.

പണവും രേഖകളും നൽകിയശേഷവും ജോലി ലഭിക്കാതെ വന്നതോടെയാണ് ഉദ്യോഗാർഥികൾ പൊലീസിനെ സമീപിച്ചത്. എറണാകുളത്തിന് പുറമേ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കോഴിക്കോട് ജില്ലകളിലെ പൊലീസ് സ്‌റ്റേഷനുകളിലും കാർത്തികയുടെ സ്ഥാപനത്തിനെതിരേ പരാതിയുണ്ട്. സ്ഥാപനത്തിന് ലൈസൻസില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പൊലീസ് കേസെടുത്തതോടെ കൊച്ചിയിലെ സ്ഥാപനം പൂട്ടി ഇവർ മുങ്ങിയിരുന്നു.

The post വിദേശജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: യുവതി അറസ്റ്റിൽ appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button