ദളിത് യുവതിക്കെതിരായ മാനസിക പീഡനം; പ്രാഥമിക നടപടികൾ പാലിക്കാതെ ഇരയെ കസ്റ്റഡിയിലെടുത്തു: സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

തിരുവനന്തപുരം: ദളിത് സ്ത്രീക്കെതിരായ മാനസിക പീഡനത്തിൽ പേരൂർക്കട എസ്ഐക്ക് ഗുരുതര വീഴ്ചയെന്നു സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. പരാതി കിട്ടുമ്പോൾ എടുക്കേണ്ട പ്രാഥമിക നടപടികൾ എസ്ജി പ്രസാദ് പാലിച്ചില്ല. പ്രാഥമിക അന്വേഷണമോ നടപടിക്രമം പാലിക്കാതെ ഇരയെ കസ്റ്റഡിയിലെടുത്തു.
ഒരു ഓഫീസർക്ക് ചേർന്ന പ്രവർത്തി അല്ല പ്രസാദിന്റെ ഭാഗത്തു നിന്നുണ്ടായത്. ഉദ്യോഗസ്ഥൻ പൊലീസിന്റെ പ്രതിച്ഛായ ആകെ കളങ്കമുണ്ടാക്കി. പൊലീസ് നടപടി ഇരയ്ക്ക് മാനസിക പ്രയാസമുണ്ടാക്കി. പൊലീസ് വീഴ്ച അന്വേഷിക്കാൻ ശംഖുമുഖം എസിപിയെ ചുമതലപ്പെടുത്തി.
അതേസമയം പേരൂർക്കടയിൽ ദളിത് യുവതി ബിന്ദുവിനോട് അപമര്യാദയായി പെരുമാറിയ പൊലീസുദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് കെ കെ ശൈലജ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. സംഭവത്തിൽ എസ് ഐയെ സസ്പെൻ്റ് ചെയ്തു കൊണ്ട് ആഭ്യന്തര വകുപ്പ് നടപടി തുടങ്ങിയിട്ടുണ്ടെന്നും രാത്രിയിൽ സ്ത്രീകളെ അറസ്റ്റ് ചെയ്ത് പൊലീസ് സ്റ്റേഷനിൽ പാർപ്പിക്കാൻ പാടുള്ളതല്ലെന്നും കെ കെ ശൈലജ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
കേരളാ പൊലീസ് അന്തസ്സുറ്റ പൊലീസ് സേനയാണെന്നും ചില പൊലീസുകാരുടെ ഇത്തരം പെരുമാറ്റം സേനക്കാകെ അപമാനമുണ്ടാക്കുന്നതാണെന്നും കെ കെ ശൈലജ ആരോപിച്ചു. കുട്ടികളെ പോറ്റാൻ കഷ്ടപ്പെടുന്ന ബിന്ദുവിനെതിരെ കള്ളപ്പരാതി കൊടുത്തവർ മാപ്പ് ചോദിക്കണമെന്നും സർക്കാർ ബിന്ദുവിനൊപ്പമുണ്ടെന്നും കെ കെ ശൈലജ അറിയിച്ചു. അതേ സമയം സംഭവത്തിൽ എസ്‌ഐ പ്രസാദിനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
The post ദളിത് യുവതിക്കെതിരായ മാനസിക പീഡനം; പ്രാഥമിക നടപടികൾ പാലിക്കാതെ ഇരയെ കസ്റ്റഡിയിലെടുത്തു: സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് appeared first on Metro Journal Online.