WORLD

വിവേചനപരമായ വിദ്യാർത്ഥി വിസ നിരോധനം; യുഎസ് പ്രതിച്ഛായക്ക് കോട്ടം തട്ടുമെന്ന് ചൈന

ബീജിംഗ്: ചൈനീസ് വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയ വിവേചനപരമായ വിസ നിരോധനം അമേരിക്കയുടെ ആഗോള പ്രതിച്ഛായക്ക് കൂടുതൽ കോട്ടം വരുത്തുമെന്ന് ചൈന. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ചൈനീസ് വിദ്യാർത്ഥികളുടെ വിസ റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചൈനയുടെ പ്രതികരണം.

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുമായി ബന്ധമുള്ളവരും “പ്രധാനപ്പെട്ട മേഖലകളിൽ” പഠിക്കുന്നവരുമായ വിദ്യാർത്ഥികളുടെ വിസകൾ റദ്ദാക്കുമെന്നാണ് യുഎസ് അറിയിച്ചിട്ടുള്ളത്. ഈ നീക്കം ന്യായീകരിക്കാനാവാത്തതും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് മാവോ നിംഗ് പറഞ്ഞു. ചൈന ഇതിനെ ശക്തമായി എതിർക്കുകയും യുഎസിന് ഔപചാരിക പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

ഈ നടപടി അമേരിക്കയുടെ സ്വാതന്ത്ര്യത്തെയും തുറന്ന സമീപനത്തെയും കുറിച്ചുള്ള വാദങ്ങൾ കള്ളമാണെന്ന് തുറന്നുകാട്ടുന്നതാണെന്നും, ഇത് യുഎസിന്റെ അന്താരാഷ്ട്ര പ്രതിച്ഛായയെയും വിശ്വാസ്യതയെയും കൂടുതൽ ദോഷകരമായി ബാധിക്കുമെന്നും മാവോ നിംഗ് വ്യക്തമാക്കി. ഏകദേശം 2,70,000-ത്തിലധികം ചൈനീസ് വിദ്യാർത്ഥികളാണ് നിലവിൽ യുഎസിൽ പഠിക്കുന്നത്. ഇന്ത്യ കഴിഞ്ഞാൽ യുഎസിലെ ഏറ്റവും കൂടുതൽ വിദേശ വിദ്യാർത്ഥികൾ ചൈനയിൽ നിന്നാണ്.

ഈ നീക്കം ചൈനീസ് എക്സ്ക്ലൂഷൻ ആക്ടിന്റെ പുതിയ പതിപ്പാണെന്ന് ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിലെ ഒരു ചൈനീസ് വിദ്യാർത്ഥി പ്രതികരിച്ചു. ഹോങ്കോങ് സിഇഒ ജോൺ ലീ, യുഎസ് നയങ്ങളാൽ വിവേചനം നേരിടുന്ന വിദ്യാർത്ഥികളെ ഹോങ്കോങ്ങിൽ പഠിക്കാൻ സ്വാഗതം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button