കൈക്കൂലി കേസ്: ഇ ഡി ഉദ്യോഗസ്ഥന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

വിജിലൻസ് രജിസ്റ്റർ ചെയ്ത കൈക്കൂലി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ഇ ഡി കൊച്ചി യൂണിറ്റിലെ അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറിന്റെ അറസ്റ്റാണ് ഹൈക്കോടതി തടഞ്ഞത്. ശേഖർ കുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിജിലൻസിന് സിംഗിൾ ബെഞ്ച് നോട്ടീസയച്ചു.
പത്ത് ദിവസത്തിനകം മറുപടി നൽകാനാണ് വിജിലൻസിന് ഹൈക്കോടതിയുടെ നിർദ്ദേശം. ജസ്റ്റിസ് പി ജി അജിത് കുമാർ അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റേതാണ് നടപടി. കേസിൽ നിന്ന് ഒഴിവാക്കാൻ ഇ ഡി ഉദ്യോഗസ്ഥർ രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നാണ് കൊട്ടാരക്കരയിലെ കശുവണ്ടി വ്യവസായി അനീഷ് ബാബുവിന്റെ പരാതി.
കേസിൽ ശേഖർ കുമാർ ഒന്നാം പ്രതിയാണ്. കൈക്കൂലി വാങ്ങുന്നതിനായി ഇടനില നിന്ന രണ്ട് പേർ നേരത്തെ അറസ്റ്റിലായിരുന്നു. ഇഡി അസിസ്റ്റന്റ് ഡയറക്ടറുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 11ന് വീണ്ടും പരിഗണിക്കും.
The post കൈക്കൂലി കേസ്: ഇ ഡി ഉദ്യോഗസ്ഥന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു appeared first on Metro Journal Online.