WORLD

ചെങ്കടലിൽ ഹൂതി ആക്രമണം; കപ്പലിൽ നിന്ന് നാല് പേരെ കൂടി രക്ഷപ്പെടുത്തി: 11 പേരെ കാണാതായി

ഏഥൻസ്/ലണ്ടൻ: ചെങ്കടലിൽ ഹൂതി വിമതർ ആക്രമിച്ച ഗ്രീക്ക് കപ്പലിൽ നിന്ന് നാല് പേരെ കൂടി രക്ഷപ്പെടുത്തി. മൂന്ന് കപ്പൽ ജീവനക്കാരെയും ഒരു സുരക്ഷാ ജീവനക്കാരനെയുമാണ് രക്ഷാപ്രവർത്തകർ ജീവനോടെ കണ്ടെത്തിയത്. ഇതോടെ, മുങ്ങിപ്പോയ ‘എറ്റേണിറ്റി സി’ എന്ന കപ്പലിൽ നിന്ന് രക്ഷപ്പെടുത്തിയവരുടെ എണ്ണം 10 ആയി. എന്നാൽ 11 പേരെ ഇപ്പോഴും കണ്ടെത്താനുണ്ട്.

ബുധനാഴ്ച യെമനിലെ ഹൂതി വിമതർ ആക്രമിച്ച ഗ്രീക്ക് കപ്പലായ ‘എറ്റേണിറ്റി സി’ ചെങ്കടലിൽ മുങ്ങിയിരുന്നു. ഈ ആക്രമണത്തിൽ കുറഞ്ഞത് നാല് പേർ കൊല്ലപ്പെട്ടതായും ആറ് പേരെ ഹൂതികൾ തട്ടിക്കൊണ്ടുപോയതായും മാരിടൈം സെക്യൂരിറ്റി വൃത്തങ്ങൾ അറിയിച്ചു.

 

രക്ഷപ്പെടുത്തിയ പത്ത് പേരിൽ എട്ട് ഫിലിപ്പീൻസുകാരും ഒരു ഇന്ത്യക്കാരനും ഒരു ഗ്രീക്ക് സുരക്ഷാ ജീവനക്കാരനുമുണ്ട്. വ്യാഴാഴ്ച രക്ഷപ്പെടുത്തിയ നാല് പേർ ഏകദേശം 48 മണിക്കൂറോളം കടലിൽ ചെലവഴിച്ചവരാണ്. “ഇത് കാണാതായവർക്കായുള്ള തിരച്ചിൽ തുടരാൻ ഞങ്ങൾക്ക് കൂടുതൽ ധൈര്യം നൽകുന്നു,” ഗ്രീക്ക് ആസ്ഥാനമായുള്ള മാരിടൈം റിസ്ക് സ്ഥാപനമായ ഡിയാപ്ലസിന്റെ ഉദ്യോഗസ്ഥൻ നിക്കോസ് ജോർജോപോളസ് പറഞ്ഞു.

തിങ്കളാഴ്ച ഡ്രോണുകളും റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡുകളും ഉപയോഗിച്ച് കടൽ കൊള്ളക്കാർ എറ്റേണിറ്റി സി യെ ആദ്യം ആക്രമിച്ചു. ചൊവ്വാഴ്ച രാവിലെ രണ്ടാമത്തെ ആക്രമണത്തെത്തുടർന്ന് കപ്പലിലെ ജീവനക്കാർക്ക് കടലിലേക്ക് ചാടേണ്ടിവന്നു. ബുധനാഴ്ച രാവിലെ മുതൽ രക്ഷാപ്രവർത്തനം തുടരുകയായിരുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ചെങ്കടലിൽ താരതമ്യേന ശാന്തമായ സാഹചര്യമായിരുന്നു. എന്നാൽ, ഈ ആഴ്ച നടന്ന രണ്ട് കപ്പൽ ആക്രമണങ്ങൾ മേഖലയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നതിന്റെ സൂചന നൽകുന്നു. ഈ ആഴ്ച മുങ്ങിപ്പോയ രണ്ട് കപ്പലുകളും ലൈബീരിയൻ പതാക വഹിക്കുന്നതും ഗ്രീക്ക് കമ്പനികൾ പ്രവർത്തിപ്പിക്കുന്നതുമാണ്. ഗാസ യുദ്ധത്തിൽ പലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകളെ ലക്ഷ്യമിട്ടാണ് ഹൂത്തികൾ ആക്രമണം നടത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button