സെല്ലിന്റെ കമ്പി മുറിച്ച് 1.15ഓടെ മതിൽ ചാടി; ഗോവിന്ദച്ചാമി രക്ഷപ്പെട്ട വിവരം അറിഞ്ഞത് വടം കണ്ടപ്പോൾ മാത്രം

തടവുചാടിയ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയിൽ. ജയിൽ ചാടി മണിക്കൂറുകൾക്കുള്ളിൽ തന്നെ കൊടും കുറ്റവാളിയെ പോലീസ് പിടികൂടി. കണ്ണൂർ തളാപ്പ് പരിസരത്ത് നിന്നാണ് പിടിയിലായതെന്നാണ് വിവരം. കണ്ണൂർ ടൗൺ പോലീസ് സ്‌റ്റേഷനിൽ ഗോവിന്ദച്ചാമിയെ ഉടൻ എത്തിക്കും.
്അതേസമയം ജയിലിലെ ഗുരുതര സുരക്ഷാ വീഴ്ചയെ കുറിച്ച് ചോദ്യങ്ങളുയരുകയാണ്. സെല്ലിന്റെ കമ്പി മുറിച്ചാണ് ഇയാൾ പുറത്തു കടന്നത്. തുടർന്ന് തുണികൾ കെട്ടിക്കൂട്ടി വടമാക്കി ഉപയോഗിച്ച് മതിൽ ചാടി. വൈകിട്ട് അഞ്ച് മണിയോടെ ജയിൽപുള്ളികളെ സെല്ലിനുള്ളിലാക്കുന്നതാണ് രീതി. ഇതിന് ശേഷം ഒന്നേ കാലോടെയാണ് ഗോവിന്ദച്ചാമി സെല്ലിൽ നിന്ന് രക്ഷപ്പെട്ടത്
ക്വാറന്റൈൻ ബ്ലോക്ക് വഴി കറങ്ങിയാണ് ഇവിടുത്തെ മതിലിന് സമീപത്ത് എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. തുണി ഉപയോഗിച്ച് വടമുണ്ടാക്കി മതിലിന് മുകളിലെ ഫെൻസിംഗിലേക്ക് എറിയുകയായിരുന്നു. മതിലിൽ കിടക്കുന്ന വടം പുലർച്ചെ അഞ്ച് മണിയോടെ ജയിൽ അധികൃതർ കണ്ടതോടെയാണ് ഓരോ സെല്ലുകളിലായി പരിശോധന നടത്തിയത്. തുടർന്നാണ് രക്ഷപ്പെട്ടത് ഗോവിന്ദച്ചാമിയാണെന്ന് വ്യക്തമായത്.
രാവിലെ ആറ് മണിയോടെയാണ് ജയിൽചാട്ടം അധികൃതർ സ്ഥിരീകരിച്ചത്. തുടർന്ന് വിവരം പോലീസിന് കൈമാറി. ഏഴ് മണിയോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചതും സംസ്ഥാനത്താകെ വിവരം കൈമാറിയതും. അപ്പോഴേക്കും ആറ് മണിക്കൂർ പിന്നിട്ടിരുന്നു.
The post സെല്ലിന്റെ കമ്പി മുറിച്ച് 1.15ഓടെ മതിൽ ചാടി; ഗോവിന്ദച്ചാമി രക്ഷപ്പെട്ട വിവരം അറിഞ്ഞത് വടം കണ്ടപ്പോൾ മാത്രം appeared first on Metro Journal Online.