നിമിഷപ്രിയ ആക്ഷൻ കൗൺസിന് യെമനിൽ പോകാൻ അനുമതിയില്ല; അപേക്ഷ കേന്ദ്രം തള്ളി

നിമിഷപ്രിയ ആക്ഷൻ കൗൺസിലിന് യെമനിൽ പോകാൻ അനുമതി നിഷേധിച്ച് വിദേശ കാര്യമന്ത്രാലയം. സുപ്രിം കോടതി നിർദേശപ്രകാരം നൽകിയ അപേക്ഷ തള്ളി. സനയിലെ സുരക്ഷാ സാഹചര്യം ദുർബലമാണെന്നും, പ്രതിനിധി സംഘത്തിന്റെ സുരക്ഷയിൽ ആശങ്ക ഉണ്ടെന്നും വിദേശ കാര്യമന്ത്രാലയം അറിയിച്ചു.
തുടർ ചർച്ചകൾക്കായി പ്രതിനിധികളെ യെമനിലേക്ക് അയയ്ക്കാൻ അനുമതി വേണമെന്ന് ആക്ഷൻ കൗൺസിൽ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതനുസരിച്ച് ആക്ഷൻ കൗൺസിലിന്റെ ഭാഗമായി പ്രവർത്തിക്കുന്ന മൂന്ന് പേർ, ചർച്ചയ്ക്ക് മേൽനോട്ടം വഹിക്കുന്ന മർകസിൽ നിന്നുള്ള രണ്ട് പ്രതിനിധികൾ എന്നിങ്ങനെ അഞ്ച് പേർക്ക് അനുമതി വേണമെന്നായിരുന്നു ആവശ്യം.
ഇതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ സമീപിക്കാനുള്ള നിർദേശമാണ് സുപ്രീംകോടതി ആക്ഷൻ കൗൺസിലിന് നൽകിയത്. ഇതുപ്രകാരമാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടിയത്. ഈ അപേക്ഷയ്ക്കാണ് അനുമതി നിഷേധിച്ചത്.