ഹസീനയുടെ ഭരണത്തിന് ശേഷം ബംഗ്ലാദേശിൽ മാധ്യമപ്രവർത്തകർക്കെതിരായ ആക്രമണങ്ങളിൽ 230% വർധനവെന്ന് റിപ്പോർട്ട്

ധാക്ക: ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീനയുടെ ഭരണം അവസാനിച്ചതിന് ശേഷം മാധ്യമപ്രവർത്തകർക്കെതിരായ ആക്രമണങ്ങളിൽ 230% വർധനവുണ്ടായതായി മനുഷ്യാവകാശ സംഘടനയായ റൈറ്റ്സ് ആൻഡ് റിസ്ക്സ് അനാലിസിസ് ഗ്രൂപ്പ് (RRAG) റിപ്പോർട്ട് ചെയ്യുന്നു. 2024 ഓഗസ്റ്റ് മുതൽ 2025 ജൂലൈ വരെയുള്ള കാലയളവിൽ 878 മാധ്യമപ്രവർത്തകർ ആക്രമിക്കപ്പെട്ടതായാണ് RRAG പുറത്തുവിട്ട കണക്കുകൾ. ഷെയ്ഖ് ഹസീന പ്രധാനമന്ത്രിയായിരുന്ന 2023 ഓഗസ്റ്റ് മുതൽ 2024 ജൂലൈ വരെയുള്ള കാലയളവിൽ ഇത് 383 ആയിരുന്നു.
പ്രധാന ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിന്റെ കീഴിൽ മാധ്യമ സ്വാതന്ത്ര്യം കൂടുതൽ വഷളായതായി റിപ്പോർട്ടിൽ പറയുന്നു. മാധ്യമപ്രവർത്തകർക്കെതിരെയുള്ള ക്രിമിനൽ കേസുകളുടെ എണ്ണത്തിലും വലിയ വർധനവുണ്ടായി. 2023-2024 കാലഘട്ടത്തിൽ 35 കേസുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത്, യൂനുസ് അധികാരത്തിൽ വന്നതിന് ശേഷം ആദ്യ വർഷത്തിൽ ഇത് 195 ആയി ഉയർന്നു. 558% വർധനവാണ് ഈ മേഖലയിൽ ഉണ്ടായത്.
മുൻ സർക്കാരുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന മാധ്യമപ്രവർത്തകർക്ക് അംഗീകാരം നിഷേധിക്കാനും യൂനുസ് സർക്കാർ ശ്രമിച്ചു. 167 മാധ്യമപ്രവർത്തകർക്ക് അംഗീകാരം നിഷേധിച്ചതായി RRAG ഡയറക്ടർ സുഹാസ് ചക്മ പറയുന്നു. കൂടാതെ, ബംഗ്ലാദേശ് ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ് 107 മാധ്യമപ്രവർത്തകർക്കെതിരെ അന്വേഷണം ആരംഭിച്ചു. ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് മാധ്യമപ്രവർത്തകർക്ക് നേരെ അക്രമങ്ങളും ഭീഷണികളും ഉണ്ടായിരുന്നെങ്കിലും, യൂനുസ് സർക്കാരിന് കീഴിൽ അതിൽ വലിയ വർധനവുണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.