മെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതി

ഗവർണർ ഓംപ്രകാശ് മാത്തൂറാണ് അനുമതി നൽകിയത്
തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം നൽകി നടത്തിയ തട്ടിപ്പുകേസിൽ മുൻ കായിക മന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതി. ഗവർണർ ഓംപ്രകാശ് മാത്തൂറാണ് അനുമതി നൽകിയത്. പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി നേരത്തെ സർക്കാരും മുഖ്യമന്ത്രിയും രാജ്ഭവന് കൈമാറിയ ഫയലിലാണ് ഗവർണറുടെ ഈ സുപ്രധാന തീരുമാനം.
കഴിഞ്ഞ ഗവർണർ രാജേന്ദ്ര ആർലേക്കറുടെ ഭരണകാലത്താണ് വി അബ്ദുറഹ്മാനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി തേടി സർക്കാർ രാജ്ഭവനെ സമീപിച്ചത്. എന്നാൽ ഫയലിൽ തീരുമാനമെടുക്കാതെ വിഷയം പഠിക്കുകയാണെന്ന നിലപാടിലായിരുന്നു മുൻ ഗവർണർ. പുതിയ ഗവർണറായി ചുമതലയേറ്റ ഓംപ്രകാശ് മാത്തൂർ വിഷയം പരിശോധിക്കുകയും നിയമോപദേശം തേടുകയും ചെയ്തതിന് പിന്നാലെയാണ് അനുമതി നൽകിയത്.
അനുമതി ലഭിച്ചതോടെ അബ്ദുറഹ്മാനെ കേസിൽ പ്രതിചേർക്കാനും കൂടുതൽ ചോദ്യംചെയ്യൽ, അറസ്റ്റ് അടക്കമുള്ള നിയമനടപടികളുമായി മുന്നോട്ടുപോകാനും പ്രത്യേക അന്വേഷണ സംഘത്തിന് (എസ് ഐ ടി) സാധിക്കും. മെസിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് സ്പോൺസർഷിപ്പ് കരാർ നൽകിയതിൽ വൻ ക്രമക്കേടും ഗൂഢാലോചനയും നടന്നതായി എസ്ഐടി കണ്ടെത്തിയിരുന്നു. ടെൻഡർ നടപടികൾ പാലിക്കാതെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് അന്യായമായ സാമ്പത്തിക ലാഭമുണ്ടാക്കാൻ മന്ത്രിയായിരുന്ന അബ്ദുറഹ്മാൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിൻ, റിപ്പോർട്ടർ കമ്പനി, അബ്ദുറഹ്മാന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി സി സത്യപാലൻ, മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. തട്ടിപ്പ് നടക്കുമ്പോൾ അബ്ദുറഹ്മാൻ മന്ത്രിയായിരുന്നതിനാൽ അഴിമതി നിരോധന നിയമം 17 എ പ്രകാരം പ്രോസിക്യൂഷൻ മുൻകൂർ അനുമതി ആവശ്യമായിരുന്നു.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support



