Kerala

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; മുഖ്യപ്രതി സുഹൈൽ സജീവ് ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങി

മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി വാഹനാപകടക്കേസില്‍ ഒന്നാം പ്രതി സുഹൈല്‍ സജീവ് ബോസ്റ്റല്‍ സ്‌കൂളില്‍ നിന്ന് പുറത്തിറങ്ങി. ഒക്ടോബര്‍ 11ന് അറസ്റ്റിലായ സുഹൈല്‍ ഒരു മാസവും അഞ്ച് ദിവസവും ബോസ്റ്റല്‍ സ്‌കൂളില്‍ കഴിഞ്ഞ ശേഷമാണ് പുറത്തിറങ്ങുന്നത്.

ക്യാമറയില്‍ മുഖം പതിയാതിരിക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് മാധ്യമപ്രവര്‍ത്തകരെ തട്ടിമാറ്റി സുഹൈലിനെ കാറിൽ കയറ്റി. കേസില്‍ സുഹൈലിനും മറ്റ് മൂന്ന് പ്രതികള്‍ക്കും ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ടും മൂന്നും നാലും പ്രതികള്‍ നേരത്തെ പുറത്തിറങ്ങിയപ്പോള്‍, സുഹൈല്‍ സജീവിന്റെ മോചനം പത്ത് ദിവസത്തേക്ക് കൂടി നീട്ടാനായിരുന്നു ഹൈക്കോടതി നിര്‍ദേശം.

നേരത്തെ മജിസ്‌ട്രേറ്റ് കോടതിയും ജില്ലാ കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം മൂന്നുപേരുടെ ജീവനെടുത്ത അപകടത്തില്‍ അതിവേഗം കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുകയാണ് അന്വേഷണസംഘം.

സുഹൈല്‍ സജീവിനെതിരെ നരഹത്യ കൂടാതെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയുള്ള കുറ്റപത്രമാണ് തയ്യാറാക്കിയിരിക്കുന്നത്. എറണാകുളം റൂറല്‍ പൊലീസ് മേധാവി സുദര്‍ശന്റെ കീഴില്‍ ആലുവ ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷണം പൂര്‍ത്തിയാക്കിയത്. വാഹനാപകടം നടന്ന് ഒരു മാസം മാത്രം പിന്നിടുമ്പോഴേക്കും കുറ്റപത്രമെത്തുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്.

വാഹനം അമിതവേഗതയിലായിരുന്നുവെന്ന് ഇഡിആര്‍ പരിശോധനാഫലം ശരിവച്ചിരുന്നു. അപകടത്തിന് അഞ്ച് സെക്കന്‍ഡ് മുന്‍പ് വേഗത 162 കിലോമീറ്ററായിരുന്നുവെന്നും വാഹനം 500 മീറ്റര്‍ ദൂരം പിന്നിട്ടത് വെറും 11 സെക്കന്‍ഡ് കൊണ്ടാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ബിഎംഡബ്ല്യൂ അന്വേഷണസംഘത്തിന് കൈമാറിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button