Kerala

കോഴിക്കോട് 60 വർഷം പഴക്കമുള്ള ബേക്കറി യൂണിറ്റിൽ തീപിടിത്തം; 20 ലക്ഷം രൂപയുടെ നാശനഷ്ടം

ബേപ്പൂരിൽ 60 വർഷം പഴക്കമുള്ള ബേക്കറി നിർമാണ യൂണിറ്റിലുണ്ടായ തീപിടിത്തത്തിൽ 20 ലക്ഷം രൂപയുടെ നാശനഷ്ടം. ബി സി റോഡ് ജങ്ഷന് സമീപം എൽപി സ്കൂളിന് എതിർവശത്തുള്ള റീന ബേക്കറിയിലാണ് ഞായറാഴ്ച പുലർച്ചെ 2.25ഓടെ തീപിടിത്തമുണ്ടായത്.

മീഞ്ചന്ത ഫയർ സ്റ്റേഷനിൽ നിന്നുള്ള അഗ്നിരക്ഷാസേന ഒരു മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. ബേക്കറിക്കുള്ളിലുണ്ടായിരുന്ന ആറ് പാചകവാതക സിലിണ്ടറുകളും പാം ഓയിൽ, വെളിച്ചെണ്ണ എന്നിവ സൂക്ഷിച്ചിരുന്ന കാനുകളും അഗ്നിരക്ഷാസേന സുരക്ഷിതമായി പുറത്തെടുത്തു.

ബേക്കറിയുടെ ഷട്ടറിന്‍റെ പൂട്ട് മുറിച്ചുമാറ്റിയശേഷം കെട്ടിടത്തിന്‍റെ മുൻവശത്തും പിൻവശത്തും വശങ്ങളിലുമായി ഒരേസമയം വെള്ളം പമ്പ് ചെയ്താണ് തീ അണച്ചത്. സമീപത്തെ മണ്ണെണ്ണ സൂക്ഷിച്ചിരുന്ന റേഷൻ കടയിലേക്കും തൊട്ടടുത്ത സുഗന്ധവ്യഞ്ജന കടയിലേക്കും തീ പടരുന്നത് അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടലിലൂടെ ഒഴിവാക്കാനായി.

ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിശദമായ പരിശോധനയ്ക്കുശേഷമേ തീപിടിത്തത്തിന്‍റെ കാരണം സ്ഥിരീകരിക്കാനാകൂവെന്ന് അധികൃതർ അറിയിച്ചു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button