നേപ്പാളിൽ 5.3 തീവ്രതയിൽ ഭൂകമ്പം; ഇന്ത്യയിലും ചൈനയിലും ബംഗ്ലാദേശിലും പ്രകമ്പനം

കാഠ്മണ്ഡു: നേപ്പാളിൽ ചൊവ്വാഴ്ച രാവിലെ 5.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം. രാവിലെ 7.02 ഓടെയാണ് നേപ്പാളിലെ കിഴക്കൻ മേഖലയിലുള്ള കോശി പ്രവിശ്യയിൽ ഭൂചലനം അനുഭവപ്പെട്ടത്. ഇന്ത്യ, ചൈന, ബംഗ്ലാദേശ്, ഭൂട്ടാൻ തുടങ്ങിയ അയൽരാജ്യങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
നാഷണൽ സെന്റർ ഫോർ സീസ്മോളജി (NCS) പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 20 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. നേപ്പാളിലെ ലെലെപ് മേഖലയ്ക്ക് സമീപമായിരുന്നു പ്രഭവകേന്ദ്രം.
ഇന്ത്യയിൽ പശ്ചിമ ബംഗാളിലെ ഡാർജിലിങ്, ജൽപായ്ഗുരി, കൂച്ച് ബിഹാർ തുടങ്ങിയ പ്രദേശങ്ങളിലും സിക്കിമിലും ബിഹാറിന്റെ ചില ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ജൽപായ്ഗുരിയിൽ ഭൂചലനത്തെ തുടർന്ന് പരിഭ്രാന്തരായ ചിലർ വീടുകളിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, ഭൂകമ്പത്തെ തുടർന്ന് ആളപായമോ വലിയ നാശനഷ്ടങ്ങളോ ഉണ്ടായതായി ഇതുവരെ ഔദ്യോഗിക റിപ്പോർട്ടുകളില്ല. വിവിധ മേഖലകളിലെ സ്ഥിതിഗതികൾ അധികൃതർ വിലയിരുത്തിവരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ.
📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support



