Kerala

നെടുമ്പാശേരി മിനി കൂപ്പർ അപകടം: പ്രായപൂർത്തിയാകാതെ മദ്യപിച്ചതിന് ഒന്നാം പ്രതി സുഹൈൽ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി എക്‌സൈസ്

മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി മിനി കൂപ്പര്‍ അപകട കേസില്‍ മുഖ്യ പ്രതി സുഹൈല്‍ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി എക്‌സൈസ്. 23 വയസില്‍ താഴെയുള്ളയാള്‍ മദ്യം കഴിച്ചതിനാണ് അറസ്റ്റ്. ജാമ്യത്തില്‍ ഇറങ്ങിയ സുഹൈല്‍ എക്‌സൈസ് ഓഫിസില്‍ ഹാജരായപ്പോള്‍ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

മദ്യപിച്ചതുമായി ബന്ധപ്പെട്ട് ഒരു ബാറില്‍ നിന്ന് മാത്രം ഏകദേശം 4500 രൂപയുടെ ബില്ല് ഇയാള്‍ക്ക് വന്നിരുന്നുവെന്ന് എക്‌സൈസ് കണ്ടെത്തിയിരുന്നു. ഒപ്പം അവിടെയുള്ള സിസിടിവി ദൃശ്യങ്ങളടക്കം സ്വീകരിക്കുകയും ചെയ്തു. അബ്കാരി ആക്റ്റ് പ്രകാരമാണ് കേസ്. സുഹൈല്‍ സജീവ് കഴിഞ്ഞ ആഴ്ചയാണ് ജാമ്യത്തില്‍ ഇറങ്ങിയത്. പുറത്തിറങ്ങി രണ്ട് ദിവസത്തിന് ശേഷമാണ് ഇയാള്‍ എക്‌സൈസിന് മുന്നില്‍ ഹാജരായത്. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടുകയായിരുന്നു.

കാക്കനാട് ബോസ്റ്റല്‍ സ്‌കൂളില്‍ നിന്നാണ് സുഹൈല്‍ സജീവ് പുറത്തിറങ്ങിയത്. 36 ദിവസങ്ങള്‍ക്ക് ശേഷമാണ് മോചിതനായത്. കേസില്‍ സുഹൈലിനൊപ്പം അറസ്റ്റിലായ ജോയല്‍ എസ്. ആന്റോ, നിനവ്, അമീന്‍ ഷാ എന്നിവര്‍ക്ക് നേരത്തെജാമ്യം ലഭിച്ചിരുന്നു. 10 ദിവസത്തിനുശേഷം മാത്രമേ സുഹൈലിനെ മോചിപ്പിക്കാവു എന്ന കോടതി വ്യവസ്ഥയെ തുടര്‍ന്നാണ് സുഹൈല്‍ സജീവ് പിന്നീട് പുറത്തിറങ്ങിയത്. മജിസ്‌ട്രേറ്റ് കോടതിയും ജില്ലാ കോടതിയും നേരത്തെ സുഹൈലിന്റെ ജാമ്യ അപേക്ഷ തള്ളിയിരുന്നു പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഒക്ടോബര്‍ 11 ന് പുലര്‍ച്ചെയാണ് നെടുമ്പാശേരി എയര്‍പോര്‍ട്ട് റോഡില്‍ വച്ച് ആണ് അപകടം ഉണ്ടാകുന്നത്. ഒന്നാംപ്രതി സുഹൈല്‍ സജീവ് മദ്യപിച്ച് ഓടിച്ച വാഹനം ഇടിച്ച് മൂന്നു പേരാണ് മരിച്ചത്. വാഹനം ഓടിച്ച സുഹൈല്‍ സജീവിനെതിരെ നരഹത്യാ കുറ്റവും ഒപ്പം ഉണ്ടായിരുന്ന മറ്റു മൂന്നുപേര്‍ക്കെതിരെ പ്രേരണ കുറ്റവുമാണ് ചുമത്തിയിട്ടുള്ളത്. കേസില്‍ ഈ മാസം അവസാനത്തോടെ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ

എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button