Kerala

എഫ് ട്യൂൺ ഫെയ്‌സ് ക്രീമിന്റെ വെബ്സൈറ്റ് പൂട്ടി; റീപാക്കിങ് കേന്ദ്രങ്ങൾ തേടി പൊലീസ്

മലപ്പുറത്ത് ഫെയ്‌സ് ക്രീം ഉപയോഗിച്ചതിനെത്തുടർന്ന് 17കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. വിവാദമായ എഫ് ട്യൂൺ ഫെയ്‌സ് ക്രീമിന്റെ ഔദ്യോഗിക വെബ്സൈറ്റുകൾ അടച്ചുപൂട്ടി. ക്രീമിന്റെ പരസ്യങ്ങളിൽ നൽകിയിരുന്ന ഫോൺ നമ്പറുകളും പ്രവർത്തനരഹിതമായതോടെ വിൽപനയ്ക്കും വിതരണത്തിനും പിന്നിലുള്ളവരെ കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കി.

എഫ് ട്യൂണുമായി ബന്ധപ്പെട്ട വെബ്സൈറ്റുകളിൽ നാല് ഫോൺ നമ്പറുകളാണ് ഉപയോഗിച്ചിരുന്നത്. ഇതിൽ പ്രധാന കണ്ണിയെന്ന് സംശയിക്കുന്ന കാസർകോട് സ്വദേശിനിയുടെ നമ്പറും ഇപ്പോൾ പ്രവർത്തിക്കുന്നില്ല. നമ്പറുകളുടെ ഉടമകളെക്കുറിച്ചുള്ള വിവരങ്ങൾ തേടി ഡ്രഗ്സ് കൺട്രോൾ വകുപ്പ് സൈബർ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്.

അതേസമയം, ക്രീമുകളുടെ യഥാർഥ ഉറവിടം കണ്ടെത്താൻ അന്വേഷണ സംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം മലപ്പുറത്തും കോഴിക്കോടും അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. ഈ ജില്ലകളിലാണ് ഇത്തരം ഫെയർനസ് ക്രീമുകളുടെ വിൽപന വ്യാപകമെന്നാണ് കണ്ടെത്തൽ.

വിദേശത്തുനിന്ന് വൻതോതിൽ എത്തിക്കുന്ന ക്രീമുകൾ ഇന്ത്യയിലെത്തിച്ച് വിവിധ ബ്രാൻഡുകളുടെ പേരിൽ റീപാക്ക് ചെയ്ത് വിൽക്കുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. ദുബായ്, പാകിസ്ഥാൻ, ചൈന തുടങ്ങിയ രാജ്യങ്ങളിൽനിന്ന് എത്തിക്കുന്ന ക്രീമുകൾ കാസർകോട് കേന്ദ്രീകരിച്ച് റീപാക്ക് ചെയ്യുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

എന്നാൽ, റീപാക്കിങ് നടത്തുന്നത് ആരാണെന്നും ഉൽപന്നങ്ങളുടെ ഉടമസ്ഥാവകാശവും വിപണനാവകാശവും ആർക്കാണെന്നും കണ്ടെത്തേണ്ടതുണ്ട്. ഇതിനായി വിതരണ ശൃംഖലയെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്.

അതേസമയം, വിവാദങ്ങൾക്കിടയിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ എഫ് ട്യൂൺ ക്രീം വിൽപനയ്ക്ക് ലഭിക്കുന്നതായുള്ള റിപ്പോർട്ടുകൾ ആശങ്ക ഉയർത്തുന്നുണ്ട്. ക്രീമിന്റെ സാമ്പിളിൽ അനുവദനീയമായ അളവിനേക്കാൾ 12,500 മടങ്ങ് അധികം മെർക്കുറി കണ്ടെത്തിയതായാണ് ലാബ് പരിശോധനാ റിപ്പോർട്ട്.

📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ

എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം

Support

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button