ഫോണിന്റെ പാസ്കോഡ് നൽകണം; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഹൈക്കോടതിയിൽ സർക്കാർ

കൊച്ചി: ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി പിടിച്ചെടുത്ത മൊബൈൽ ഫോണുകളുടെ പാസ്കോഡ് കൈമാറാൻ രാഹുൽ മാങ്കൂട്ടത്തിൽ ബാധ്യസ്ഥനാണെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. തിരുവല്ലയിലെ കേസിൽ പ്രത്യേക അന്വേഷണസംഘം പിടിച്ചെടുത്ത രണ്ട് മൊബൈൽ ഫോണുകളുടെ പാസ്കോഡ് നൽകണമെന്ന കീഴ്ക്കോടതി ഉത്തരവിനെതിരെ രാഹുൽ സമർപ്പിച്ച ഹർജിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.
ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിനായി ഫോണുകൾ അൺലോക്ക് ചെയ്യേണ്ടത് അനിവാര്യമാണെന്നും പാസ്കോഡ് നൽകുന്നതിൽനിന്ന് ഭരണഘടനാപരമായ പരിരക്ഷ ലഭിക്കില്ലെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
അതേസമയം, പാസ്കോഡ് വെളിപ്പെടുത്താൻ നിർബന്ധിക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന സ്വയം കുറ്റാരോപണത്തിനെതിരായ അവകാശത്തിന്റെ ലംഘനമാകുമോ എന്ന കാര്യത്തിൽ ഹൈക്കോടതി വിശദമായ പരിശോധന നടത്തും. ഇതിനായി കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചിട്ടുണ്ട്.
ഫോണുകളിൽ തനിക്ക് അനുകൂലമായ തെളിവുകളുണ്ടെന്നും അവ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നുമാണ് രാഹുലിന്റെ വാദം. ഭരണഘടനയുടെ ആർട്ടിക്കിൾ 20(3), സ്വകാര്യതയ്ക്കുള്ള അവകാശം ഉറപ്പുനൽകുന്ന ആർട്ടിക്കിൾ 21 എന്നിവയും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പാസ്കോഡ് നൽകാൻ പ്രതിയെ നിർബന്ധിക്കാനാകുമോ എന്ന നിർണായക നിയമപ്രശ്നത്തിലാണ് ഇനി ഹൈക്കോടതിയുടെ പരിശോധന.
📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support



