ഈജിപ്തിൽ ഇന്ധനവാഹനം മറിഞ്ഞ് വൻ തീപിടിത്തം; 31 മരണം, 21 പേർക്ക് പരിക്ക്

കെയ്റോ: ഈജിപ്തിൽ ഇന്ധന ഉൽപന്നങ്ങളുമായി പോയ വാഹനം മറിഞ്ഞുണ്ടായ വൻ തീപിടിത്തത്തിൽ 31 പേർ മരിച്ചു. 21 പേർക്ക് പരിക്കേറ്റു. ഇതിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. ബുധനാഴ്ച കെയ്‌റോയ്ക്ക് സമീപം ഗിസയിലെ അൽ വറാഖ് മേഖലയിലുള്ള റിങ് റോഡിലാണ് അപകടമുണ്ടായത്.
ഇന്ധന ഉൽപന്നങ്ങൾ കയറ്റിയ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടർന്ന് തീപിടിത്തമുണ്ടാകുകയായിരുന്നു. തീ സമീപത്തുണ്ടായിരുന്ന വാഹനങ്ങളിലേക്കും അതിവേഗം പടർന്നു. കാറുകളും മോട്ടോർ സൈക്കിളുകളും ഉൾപ്പെടെ 27 വാഹനങ്ങൾ കത്തിനശിച്ചതായാണ് പ്രാഥമിക വിവരം.
അപകടത്തെ തുടർന്ന് 39 ആംബുലൻസുകളാണ് രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തിയത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മരിച്ചവരിൽ തിരിച്ചറിയാൻ കഴിയാത്തവരുടെ വ്യക്തിത്വം സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്താൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
അപകടത്തിന്റെ കാരണം കണ്ടെത്താൻ ഈജിപ്ഷ്യൻ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
📰 ദിവസവും പ്രധാന വാർത്തകൾ ഇമെയിലിൽ
എല്ലാ ദിവസവും രാത്രി 7:30-ന് ഒരു മെയിൽ മാത്രം. സൗജന്യം. എപ്പോൾ വേണമെങ്കിലും നിർത്താം.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support



