Kerala

മഅ്ദനി തീവ്രവാദ ചിന്ത വളര്‍ത്തി; രൂക്ഷ വിമര്‍ശവുമായി പി ജയരാജന്‍

കോഴിക്കോട്: പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിക്കെതിരെ രൂക്ഷ വിമര്‍ശവുമായി സി പി എം നേതാവ് പി ജയരാജന്‍. നാളെ പുറത്തിറങ്ങാനിരിക്കുന്ന കേരള മുസ്‌ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം എന്ന പുസ്തകത്തിലാണ് വിവാദ പരാമര്‍ശം.

മഅ്ദനി തീവ്രവാദ ചിന്ത വളര്‍ത്തിയെന്നും ബാബരി മസ്ജിദ് തകര്‍ച്ചയ്ക്ക് ശേഷം മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അബ്ദുള്‍ നാസര്‍ മദനിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ ഉടനീളം നടത്തിയ പ്രഭാഷണ പര്യടനം തീവ്രവാദ ചിന്ത വളര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചെന്നുമാണ് ജയരാജന്റെ പരാമര്‍ശം. കാലങ്ങളായി ബി ജെ പിയും സംഘ്പരിവാര്‍ സംഘടനകളും മഅ്ദനിക്കെതിരെ ഉന്നയിക്കുന്ന അതേ ആരോപണമാണ് ജയരാജന്‍ ഉന്നയിച്ചത്. അതേസമയം, തിരഞ്ഞെടുപ്പില്‍ പി ഡി പിയുമായി സി പി എം ധാരണയുണ്ടാക്കിയ കാര്യത്തെക്കുറിച്ച് പുസ്തകത്തില്‍ പരാമര്‍ശമില്ലെന്നതാണ് മറ്റൊരു യാഥാര്‍ഥ്യം.

പുസ്തകം നാളെ പ്രകാശനം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്.
മഅ്ദനി അതിവൈകാരികമായ പ്രസംഗങ്ങളിലൂടെ ആളുകള്‍ക്കിടയില്‍ തീവ്രവാദ ചിന്തകള്‍ വളര്‍ത്താന്‍ ശ്രമിച്ചു. അതിലൂടെ ഒട്ടേറെ യുവാക്കള്‍ തീവ്രവാദ പ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടുവെന്നത് വസ്തുതയാണ്. 1990ല്‍ ആര്‍എസ്എസിനെ അനുകരിച്ച് ഇസ്ലാമിക് സേവക് സംഘം രൂപീകരിച്ചത് മദനിയുടെ നേതൃത്വത്തിലാണ്. ഐഎസ്എസ്സിലൂടെ മുസ്ലീം യുവാക്കള്‍ക്ക് ആയുധശേഖരവും ആയുധപരിശീലനവും നല്‍കിയെന്നും ജയരാജന്‍ എഴുതുന്നു. തിരുവനന്തപുരം പൂന്തുറ കലാപത്തില്‍ ഐഎസ്എസിന്റെയും, ആര്‍എസ്എസിന്റെയും പങ്ക് വ്യക്തമാണ്. അദ്ദേഹം പറഞ്ഞു.

 

 

The post മഅ്ദനി തീവ്രവാദ ചിന്ത വളര്‍ത്തി; രൂക്ഷ വിമര്‍ശവുമായി പി ജയരാജന്‍ appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button