Kerala

റേഷൻ കാർഡുടമകളുടെ ശ്രദ്ധയ്ക്ക്; മഞ്ഞ, പിങ്ക് കാർഡുകാരുടെ മസ്റ്ററിംഗിനുള്ള സമയ പരിധി വീണ്ടും നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകളുടെ മസ്റ്ററിം​ഗിനുള്ള സമയ പരിധി വീണ്ടും നീട്ടി. നവംബര്‍ അഞ്ച് വരെ സമയപരിധി നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആര്‍ അനിൽ അറിയിച്ചു. മുൻ​ഗണനാ റേഷൻ കാർഡുകളുള്ള 16ശതമാനത്തോളം പേര്‍ കൂടി സംസ്ഥാനത്ത് മസ്റ്ററിംഗ് പൂർ‍ത്തിയാക്കാനുള്ള സാഹചര്യത്തിലാണ് തീയതി നീട്ടിയത്. കിടപ്പ് രോഗികള്‍ക്കും കുട്ടികള്‍ക്കും വീട്ടിലെത്തി മസ്റ്ററിങ് സൗകര്യം ഒരുക്കും.

മസ്റ്ററിംഗ് സമയപരിധി ഒക്ടോബര്‍ 25ന് അവസാനിച്ചിരുന്നു. അതാണിപ്പോൾ വീണ്ടും നവംബര്‍ അഞ്ചുവരെ നീട്ടിയത്. ആര്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ കിട്ടാത്ത അവസ്ഥയുണ്ടാകില്ലെന്നും ആശങ്ക വേണ്ടെന്നും എല്ലാവരുടെയും മസ്റ്ററിംഗ് പൂര്‍ത്തിയായെന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി ജിആര്‍ അനിൽ പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ പിങ്ക് വിഭാഗത്തില്‍പെട്ട 83.67% പേര്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കിയെന്ന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു. മസ്റ്ററിങ് പൂര്‍ത്തീകരിക്കുന്ന പ്രവര്‍ത്തിയില്‍ മുന്നില്‍ നില്‍ക്കുന്ന ആദ്യ അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമാണെന്നും മന്ത്രി വ്യക്തമാക്കി.

സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകാരുടെ ഇ-കെവൈസി അപ്‌ഡേഷന്‍ തുടങ്ങിയത്. ആദ്യ ഘട്ടത്തില്‍ സെപ്റ്റംബര്‍ 18-ന് തുടങ്ങി ഒക്ടോബര്‍ 8-ന് അവസാനിക്കുന്ന വിധത്തിലാണ് മുന്‍ഗണനാ കാര്‍ഡുകളുടെ മസ്റ്ററിങ് തീരുമാനിച്ചിരുന്നത്. എന്നാല്‍ 80% കാര്‍ഡ് ഉടമകളുടെ മസ്റ്ററിങ് മാത്രമാണ് അന്ന് പൂര്‍ത്തിയായത്. ഇതോടെ ഒക്ടോബര്‍ 25 വരെ നീട്ടി. ഇതിനുശേഷവും 16% പേര്‍ അവശേഷിച്ചു. ഇതോടെയാണ് വീണ്ടും നവംബര്‍ അഞ്ച് വരെ നീട്ടിയത്.

കേന്ദ്രം സംസ്ഥാനത്തിനു നൽകിയ നിർദേശ പ്രകാരം ഒക്ടോബർ 31നകം മസ്റ്ററിംഗ് പൂർത്തിയാക്കണം. ഇത് ചെയ്തില്ലെങ്കിൽ റേഷൻ വിഹിതം മുടങ്ങുമെന്നും കേന്ദ്രം അറിയിച്ചിരുന്നു. റേഷൻ കാർഡും ആധാർ കാർഡുമായി കടകളിൽ നേരിട്ടെത്തിയാണ് മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടത്. കാർഡ് ഉടമകൾ നേരിട്ടെത്തി ഇ പോസിൽ വിരൽ പതിപ്പിച്ച് ബയോ മെട്രിക് മസ്റ്ററിംഗ് പൂർത്തിയാക്കണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button