Gulf

യുഎഇയിലെ പൊതുമാപ്പ് ഇന്ന് അവസാനിക്കുന്നു; നാളെ മുതല്‍ നിയമവിരുദ്ധ താമസക്കാരെ ജോലിക്കെടുത്താല്‍ 10 ലക്ഷം ദിര്‍ഹംവരെ പിഴ ചുമത്തും

അബുദാബി: യുഎഇയിലെ താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്നവര്‍ക്ക് തങ്ങളുടെ താമസം ക്രമപ്പെടുത്താനോ, പിഴ അടക്കാതെ രാജ്യം വിടാനോ അനുമതി നല്‍കുന്ന യുഎഇ പൊതുമാപ്പ് കാലാവധി ഇന്ന്(ഒക്ടോബര്‍ 31) അവസാനിക്കും. നവംബര്‍ ഒന്നായ നാളെ മുതല്‍ അനധികൃത താമസക്കാരെ ജോലിക്ക് നിയമിക്കുന്ന തൊഴിലുടമകള്‍ക്ക് 10 ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് യുഎഇ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി(ഐസിപി)യും, ദുബായിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സും സംയുക്തമായാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഗ്രേസ് പിരീഡ് അവസാനിച്ചതിന് ശേഷവും രാജ്യത്ത് നിയമവിരുദ്ധമായി തുടരുന്നവരെ ജോലിക്ക് നിയമിക്കരുതെന്നും പിടിക്കപ്പെട്ടാല്‍ തൊഴിലുടമ ഉത്തരവാദിയാവുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അനധികൃത താമസക്കാരെ കണ്ടെത്തുന്നതിന്റെ ഭാഗമായി നാളെ മുതല്‍ രാജ്യം മുഴുവന്‍ സമഗ്രമായ പരിശോധനകള്‍ക്ക് തുടക്കമാവും. നിയമലംഘകര്‍ക്ക് പുതുക്കിയ പിഴയ്ക്കു പുറമെ, രാജ്യത്തേക്ക് പ്രവേശന വിലക്കും നേരിടേണ്ടിവരും. നിയമലംഘകരെ കണ്ടെത്തുന്നതിനായി അവര്‍ കൂടുതലുള്ള റസിഡന്‍ഷ്യല്‍ ഏരിയകളെയും ബിസിനസ് സ്ഥാപനങ്ങളെയും കേന്ദ്രീകരിച്ച് തീവ്രമായ പരിശോധനകളാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. കമ്പനികളിലും സ്ഥാപനങ്ങളിലും താമസയിടങ്ങളിലുമെല്ലാം ഉദ്യോഗസ്ഥര്‍ അനധികൃത താമസക്കാരെ തേടിയെത്തും. റെസിഡന്‍സി ലംഘകരെ ജോലിക്ക് നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം ദിര്‍ഹം മുതല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

പൊതുമാപ്പിന്റെ പ്രയോജനം പതിനായിരക്കണക്കിന് റെസിഡന്‍സി ലംഘകര്‍ക്ക് ലഭിച്ചതായും ഐസിപി റിപ്പോര്‍ട്ട് ചെയ്തു. സെപ്റ്റംബര്‍ ഒന്നിന് ആരംഭിച്ച രണ്ട് മാസത്തെ ഗ്രേസ് പിരീഡ് അവസാനിക്കാനിരിക്കെ, കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി രാജ്യത്തുടനീളമുള്ള പൊതുമാപ്പ് കേന്ദ്രങ്ങളിലേക്ക് വലിയ ഒഴുക്കാണ് അനുഭവപ്പെട്ടത്. പൊതുമാപ്പ് അപേക്ഷകരെ സഹായിക്കുന്നതിനും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുമായി എല്ലാ എമിറേറ്റുകളിലും യുഎഇ അധികൃതരും വിവിധ രാജ്യങ്ങളിലെ എംബസികളും കോണ്‍സുലേറ്റുകളും പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിരുന്നതിനാല്‍ രാജ്യം വിടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും റെസിഡന്‍സി ക്രമവത്കരിക്കുന്നവര്‍ക്കും അതിന് ആവശ്യമായ സൗകര്യം ലഭ്യമായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button