Gulf

മഴ പെയ്യിക്കാനും എഐയിലൂടെ കഴിയുമെന്ന് തെളിയിച്ച് യുഎഇ

അബുദാബി: സര്‍വ രംഗത്തും വിപ്ലവം സൃഷ്ടിച്ച് എഐ സാങ്കേതികവിദ്യ മുന്നേറുമ്പോള്‍ കൃത്രിമ മഴ പെയ്യിക്കുന്നതിനുള്ള ക്ലൗഡ് സീഡിംഗ് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് എഐ സാങ്കേതികവിദ്യയിലൂടെ സാധ്യമാവുമെന്ന് അബുദാബിയിലെ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി. രാജ്യത്തെ ജലക്ഷാമത്തിന് പരിഹാരം കാണാന്‍ മഴ പെയ്യിക്കുന്നതിനായി മേഘങ്ങളെ കൃത്യമായി തിരിച്ചറിയാന്‍ എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താന്‍ സാധിച്ചതായി നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഒമര്‍ അല്‍ യസീദി വ്യക്തമാക്കി.

മേഘങ്ങള്‍ക്ക് വലിയ ആയുസില്ല. അതുകൊണ്ട് തന്നെ അവയെ തിരിച്ചറിഞ്ഞ് ക്ലൗഡ് സീഡിംഗ് നടത്തി എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ മഴ പെയ്യിക്കുകയാണ് തങ്ങള്‍ ഇപ്പോള്‍ ചെയ്തുവരുന്നത്. നേരത്തെ ഈ പ്രവര്‍ത്തനങ്ങളെല്ലാം മനുഷ്യരുടെ സഹായത്തോടെയായിരുന്നു നടത്തിയിരുന്നത്. അതിനേക്കാള്‍ പതിന്മടങ്ങ് ഫലപ്രദമാണ് പുതിയ രീതി.

എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി രാജ്യത്ത് അധികമഴ ലഭ്യമാക്കുകയാണ് യുഎഇ ലക്ഷ്യമിടുന്നത്. നിരവധി പ്രദേശങ്ങളില്‍ ഇതിനോടകം തന്നെ ഈ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ക്ലൗഡ് സീഡിംഗ് പൂര്‍ത്തിയായിട്ടുണ്ട്. ക്ലൗഡ് സീഡിംഗ് വഴി ജലക്ഷാമം ഒരു പരിധിവരെ പരിഹരിക്കാന്‍ രാജ്യത്തിന് കഴിയുന്നുണ്ട്. ക്ലൗഡ് സീഡിംഗ് ദൗത്യങ്ങള്‍ വഴി 84 മുതല്‍ 419 ദശലക്ഷം ക്യുബിക് മീറ്റര്‍വരെ വെള്ളം ഉറപ്പുവരുത്താനായി. ക്ലൗഡ് സീഡിംഗിനായി ഓരോ മണിക്കൂറിലും 29,000 ദിര്‍ഹം ആണ് രാജ്യം ചെലവിടുന്നതെന്നും അല്‍ യസീദി വെളിപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button