WORLD

അമേരിക്ക വിരട്ടി; ഹമാസ് നേതാക്കളോട് രാജ്യം വിടാന്‍ ഖത്തര്‍

ദോഹ: പുതിയ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറിയതിന് പിന്നാലെ ഹമാസുമായുള്ള ചങ്ങാത്തം വിടാന്‍ ഖത്തര്‍. അമേരിക്കയുടെ നിരന്തരമായ സമ്മര്‍ദത്തിന് വഴങ്ങി ഖത്തറിലെ ഹമാസ് നേതാക്കളോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് അധികൃതര്‍. പത്ത് ദിവസത്തിനുള്ളില്‍ രാജ്യം വിടണമെന്ന് ഹമാസ് നേതാക്കളോട് ഖത്തര്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു.

അറബ് രാജ്യങ്ങളില്‍ ഇറാനും ലബനാനും കഴിഞ്ഞാല്‍ ഫലസ്തീന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ശബ്ദിക്കുന്ന ഹമാസ് നേതാക്കളുടെ അഭയ കേന്ദ്രം ഖത്തറാണ്. ഇറാനിലും ലബനാനിലും ഇസ്‌റാഈല്‍ ആക്രമണം രൂക്ഷമായതിനാല്‍ ഖത്തര്‍ മാത്രമാണ് ഇപ്പോള്‍ ഹമാസിന്റെ സുരക്ഷിത താവളം. ഹമാസ് നേതാക്കളെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്ന ഇസ്രാഈലിന് അവരെ ഖത്തറില്‍ നിന്ന് പുറത്താക്കുകയെന്നത് അനിവാര്യ ഘടകമാണ്. ഇതോടെയാണ് വിഷയത്തില്‍ അമേരിക്ക ഇടപെടുന്നതും അവരുടെ വിരട്ടലില്‍ ഖത്തര്‍ വഴങ്ങിയതും.

ഗാസയില്‍ അതിരൂക്ഷമായ ആക്രമണം നടത്തുന്ന ഇസ്രാഈലുമായി യുദ്ധം അവസാനിപ്പിക്കാതെ അനുരഞ്ജനത്തിന് തയ്യാറല്ലെന്നും ഹമാസ് പിടികൂടിയ ബന്ദികളെ വിട്ടയക്കില്ലെന്നും നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. ഇതാണ് ഇസ്രാഈലിന്റെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന അമേരിക്കയെ പ്രകോപിപ്പിച്ചത്.

ഖത്തറിലും സമീപ രാജ്യങ്ങളിലും സൈനിക താവളമുള്ള അമേരിക്കയുടെ വിരട്ടലില്‍ ഖത്തര്‍ വഴങ്ങുകയായിരുന്നു. പ്രത്യേകിച്ച് ഇസ്രാഈലുമായി കൂടുതല്‍ നയതന്ത്ര ബന്ധം പുലര്‍ത്തുന്ന ട്രംപ് അധികാരത്തിലെത്തിയ സാഹചര്യത്തില്‍ അമേരിക്കയോട് വഴങ്ങുകയല്ലാതെ രക്ഷയുമില്ല.

2012 മുതല്‍ ഹമാസ് നേതാക്കള്‍ക്ക് ഖത്തര്‍ സുരക്ഷിതമായ രാഷ്ട്രീയ അഭയം നല്‍കുന്നുണ്ട്. ഖത്തറില്‍ വെച്ച് ഹമാസ് നേതാക്കളെ വകവരുത്താന്‍ ഇസ്‌റാഈലിനും സാധിച്ചിട്ടില്ല. കാരണം ഇസ്‌റാഈലുമായി ഖത്തറിന് നയതന്ത്ര ബന്ധമില്ല. അതേസമയം, ഇറാനിലേക്കും ലബനാനിലേക്കുമല്ലാതെ മറ്റ് ഏത് രാജ്യങ്ങളിലേക്ക് പോയാലും അവിടെയെല്ലാം ഇസ്രാഈല്‍ ഹമാസ് നേതാക്കളെ വകവരുത്തുമെന്നതില്‍ സംശയമില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button