Gulf

ഔദ്യോഗിക ചിഹ്നങ്ങളും മതചിഹ്നങ്ങളും വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന് സഊദി; നിയമം പ്രാബല്യത്തിലായാല്‍ പിഴ ചുമത്തും

റിയാദ്: സഊദി അറേബ്യയുടെ ഔദ്യോഗിക ചിഹ്നങ്ങളും ലോഗോകളും മതപരവും വിഭാഗീയവുമായ ചിഹ്നങ്ങളും വാണിജ്യപരമായി ഉപയോഗിക്കരുതെന്ന് സഊദിയുടെ മുന്നറിയിപ്പ്. ഇത്തരം നടപടികള്‍ക്ക് കര്‍ശന നിരോധനം ഏര്‍പ്പെടുത്താന്‍ ഉത്തരവിട്ട് സൗദി വാണിജ്യ മന്ത്രി ഡോ. മജീദ് അല്‍ ഖസബി. ദേശീയ ചിഹ്നങ്ങളുടെയും മത ചിഹ്നങ്ങളുടെയും പവിത്രത സംരക്ഷിക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ് നടപടിയെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

നിയമലംഘകര്‍ സൗദിയുടെ മുനിസിപ്പല്‍ ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരും. നിരോധന തീരുമാനം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച് 90 ദിവസത്തിന് ശേഷം നടപ്പാക്കി തുടങ്ങും. അതുവരെയുള്ള ഗ്രേസ് പിരീഡില്‍ നിലവില്‍ ഇത്തരം ചിഹ്നങ്ങള്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ക്രമക്കേടുകള്‍ തിരുത്താനും പുതിയ ചിഹ്നങ്ങളും ലോഗോകളും സ്വീകരിക്കാനും മതിയായ സമയം ലഭിക്കും.

വാണിജ്യ ഉല്‍പ്പന്നങ്ങള്‍, പ്രൊമോഷണല്‍ മെറ്റീരിയലുകള്‍, മറ്റ് വാണിജ്യ ഇടപാടുകള്‍ എന്നിവയില്‍ ദേശീയമോ, മതപരമോ, വിഭാഗീയമോ ആയ ചിഹ്നങ്ങള്‍ ഉള്‍പ്പെടുത്തുന്നതില്‍ നിന്ന് ബിസിനസ് സ്ഥാപനങ്ങളെ വിലക്കുന്നതാണ് പുതിയ ഉത്തരവ്. സൗദി അറേബ്യയുടെ ദേശീയ പതാകയുടെ ഇസ്ലാമിക വിശ്വാസ പ്രഖ്യാപനവും വാളുകളുടെയും ഈന്തപ്പനയുടെയും ചിഹ്നവും വാണിജ്യപരമായ സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കുന്നത് വിലക്കുന്ന നിലവിലുള്ള നടപടികളുടെ അടിസ്ഥാനത്തിലാണ് നിരോധനം എന്ന് വാണിജ്യ മന്ത്രാലയം വിശദീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button