WORLD

പാകിസ്താനില്‍ വാഹനത്തിന് നേരെ വെടിവെപ്പ്‌; 40 പേര്‍ക്ക് ദാരുണാന്ത്യം: 25 പേര്‍ക്ക് പരിക്ക്‌

ഇസ്ലാമാബാദ്: പാകിസ്താനിലെ ലോവര്‍ കുറമില്‍ യാത്രക്കാരുമായി പോയ വാഹനത്തിന് നേരെ ഭീകരാക്രമണം. സംഭവത്തില്‍ 40 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 20 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും ഏറെയുള്ളത്. പറച്ചിനാറില്‍ നിന്ന് പെഷവാറിലേക്ക് പോവുകയായിരുന്ന വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായതെന്നാണ് വിവരം. ഉച്ചാത്ത് മേഖലയില്‍ പതിയിരുന്ന ഭീകരര്‍ വാഹനത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ 8 പേരെ മണ്ഡോരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജനങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണം വളരെ ദുഖകരമാണെന്നും ആളുകളുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ സര്‍ക്കാര്‍ ദുഃഖിതരാണെന്നും പാകിസ്താന്‍ മന്ത്രി മൊഹ്‌സിന്‍ നഖ്‌വി പ്രതികരിച്ചു. ഭൂരുത്വം നിറഞ്ഞ പ്രവൃത്തിയാണ് ഭീകരര്‍ നടത്തിയിരിക്കുന്നത്. ആക്രമണത്തിന് പിന്നിലുള്ളവരെ സര്‍ക്കാര്‍ ഒരിക്കലും വെറുതെ വിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരേക്കും ആരും ഏറ്റെടുത്തിട്ടില്ല. ഖൈബര്‍ പഖ്തൂണ്‍ഖ്വയുടെ ചീഫ് സെക്രട്ടറിയായി നദീം അസ്ലം ചൗധരി വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും മരിച്ചവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് യാത്ര വാഹനങ്ങള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഒന്ന് പെശാവറില്‍ നിന്നും പറച്ചിനാറിലേക്ക് പോകുന്നതും മറ്റൊന്ന് പറച്ചിനാറില്‍ നിന്ന് പെശാവറിലേക്ക് പോകുന്നതുമായിരുന്നു. ഈ രണ്ട് വാഹനങ്ങള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പ്രദേശവാസി പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ മാസവും പാകിസ്താനില്‍ ഭീകരാക്രമണം ഉണ്ടായിരുന്നു. സംഭവത്തില്‍ ആറ് സുരക്ഷ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം തെഹരീക് കെ താലിബാന്‍ ഏറ്റെടുത്തിരുന്നു. സുരക്ഷ സേനയെ ലക്ഷ്യമിട്ട് രാജ്യത്ത് നിരവധി ആക്രമണങ്ങളാണ് നടക്കുന്നത്.

പാകിസ്താന്റെ വിവിധ പ്രദേശങ്ങളില്‍ ടിടിപി സജീവമാണ്. അഫ്ഗാനിസ്ഥാന്റെ സങ്കേതങ്ങളിലാണ് ടിടിപി പ്രവര്‍ത്തിക്കുന്നതെന്നാണ് പാകിസ്താന്‍ ആരോപിക്കുന്നത്.

The post പാകിസ്താനില്‍ വാഹനത്തിന് നേരെ വെടിവെപ്പ്‌; 40 പേര്‍ക്ക് ദാരുണാന്ത്യം: 25 പേര്‍ക്ക് പരിക്ക്‌ appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button