Gulf

സന്ദര്‍ശന വിസാ നിയമം കര്‍ശനമാക്കി യുഎഇ; യാത്രക്കാര്‍ കടുത്ത ദുരിതത്തില്‍

ദുബൈ: സന്ദര്‍ശന വിസാ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ യുഎഇ തീരുമാനിച്ചതോടെ ദുരിതത്തിലായി യാത്രക്കാര്‍. സന്ദര്‍ശന വിസയുടെ കാലാവധി അവസാനിച്ചതോടെ രാജ്യത്തിന് പുറത്തുപോയി പുതിയ വിസയില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയില്‍ ഇറാന്‍ പോലുള്ള അയല്‍നാടുകളിലേക്ക് പോയവരാണ് യുഎഇയില്‍ പുതിയ സന്ദര്‍ശന വിസയില്‍ മടങ്ങിയെത്താനാവാതെ ദുരിതത്തിലായിരിക്കുന്നത്. ഇങ്ങനെ പുറത്തേക്കു പോയി മടങ്ങാനാവതെ പെട്ടുപോയവരില്‍ ധാരാളം സ്ത്രീകളുമുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നും സന്ദര്‍ശന വിസക്കായി പുതുതായി നല്‍കിയ അപേക്ഷകളെല്ലാം യുഎഇ അധികൃതര്‍ തള്ളിയതായാണ് പുറത്തുവരുന്ന വിവരം. ഇതിന് ഔദ്യോഗികമായ സ്ഥിരീകരണം ഉണ്ടായിട്ടില്ല. സന്ദര്‍ശന വിസയില്‍ എത്തി കാലാവധി അവസാനിച്ചാല്‍ മടങ്ങിപോകാതെ അനധികൃതമായി പലരും രാജ്യത്ത് തങ്ങുന്നതായി കണ്ടെത്തിയതോടെയാണ് യുഎഇ നിയമം കര്‍ശനമായി നടപ്പാക്കാന്‍ തുടങ്ങിയത്.

യുഎഇയില്‍ നിന്നുകൊണ്ടുതന്നെ സന്ദര്‍ശന വിസ പുതുക്കാന്‍ സാധിക്കുമെങ്കിലും ഇതിനുള്ള ഭാരിച്ച ചെലവാണ് വിവിധ ജിസിസി രാജ്യങ്ങളിലേക്കും ഇറാനിലെ യുഎഇയോട് ഏറ്റവും അടുത്തുകിടക്കുന്ന ദ്വീപായ കിഷിലേക്കുമെല്ലാം പോകാന്‍ തൊഴില്‍ അന്വേഷകരെ പ്രേരിപ്പിക്കുന്നത്. ടൂറസ്റ്റ്, സന്ദര്‍ശക വിസകള്‍ക്കായി റിട്ടേണ്‍ ടിക്കറ്റും ഹോട്ടല്‍ ബുക്കിങ്ങും നിര്‍ബന്ധമാക്കിയതായി കഴിഞ്ഞ ദിവസം വാര്‍ത്തവന്നിരുന്നു. ഇതോടെ ടൂറിസ്റ്റ്, സന്ദര്‍ശക വിസാ അപേക്ഷകള്‍ അധികൃതര്‍ മതിയായ രേഖകളുടെ അഭാവത്തില്‍ തള്ളുന്ന പ്രവണത വര്‍ധിച്ചിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button