Sports

ഇവന്‍ ഇതെന്തൊരു മനുഷ്യനാ..? നാല് ടി20യില്‍ നിന്ന് 435 റണ്‍സ്; താളം തെറ്റാതെ തിലക് വര്‍മ

ഇന്ത്യന്‍ ക്രിക്കറ്റിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ആരാണെന്ന ചോദ്യത്തിന് ഇതുവരെ ഒരുപാട് ഉത്തരങ്ങളുണ്ടായിരുന്നു. യുവരാജ് സിംഗ്, സെവാഗ്, മഹേന്ദ്ര സിംഗ് ധോണി, ഹിറ്റ്മാന്‍ രോഹിത്ത് ശര്‍മ, വീരാട് കോലി അങ്ങനെ തുടങ്ങിയ പേരുകള്‍ നീളുന്നുണ്ട്. എന്നാല്‍, നാളത്തെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ക്രീസില്‍ നിറഞ്ഞാടാന്‍ കെല്‍പ്പുള്ള ഒരു ബാറ്റ്‌സ്മാന്‍ ഉടലെടുത്ത് കഴിഞ്ഞു. ഫോം നഷ്ടപ്പെടാതെ ചടുലമായ ഷോട്ടുകളിലൂടെയും കൃത്യതയാര്‍ന്ന ഡിഫന്റിലൂടെയും ഗ്രൗണ്ട് നിറഞ്ഞു കളിക്കാന്‍ പ്രാപ്തനായ തെലങ്കാനയുടെ പുത്രനാണവന്‍.

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 ക്രിക്കറ്റിലെ അവസാന രണ്ട് മത്സരങ്ങളിലും സെഞ്ച്വറി നേടിയ താരം ബി സി സി ഐയുടെ പ്രാദേശിക ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റായ സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ മേഘാലയക്കെതിരെയും സെഞ്ച്വറി നേടിയിരുന്നു. ഇപ്പോഴിതാ ബംഗാളിനെതിരായ രണ്ടാം മത്സരത്തില്‍ 57 റണ്‍സ് നേടിയിരിക്കുകയാണ്. മുഹമ്മദ് ശമിയടക്കമുള്ള കരുത്തരായ ബംഗാളിന്റെ ബോളിംഗ് നിരയെ കൃത്യമായി പ്രതിരോധിച്ച തിലക് വര്‍മ അഞ്ച് ഫോറും ഒരു സിക്‌സറുമായി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഹൈദരബാദിന്റെ നായകന്‍ കൂടിയായ തിലക് വര്‍മ മാത്രമാണ് ടീമിന്റെ ബാറ്റിംഗ് നിരയില്‍ തിളങ്ങിയതെന്നതാണ് മറ്റൊരു കാര്യം. ഒരു ഭാഗത്ത് വിക്കറ്റുകള്‍ തുരുതുരാ വീണപ്പോഴും വന്‍മതില്‍ പോലെ തിലക് ഉറച്ചു നിന്നു. 137 എന്ന ഭേദപ്പെട്ട സ്‌കോറിലേക്ക് ടീമിനെ എത്തിച്ചതും തിലക് വര്‍മയായിരുന്നു. 23 പന്തില്‍ നിന്ന് 30 റണ്‍സെടുത്ത രാഹുല്‍ ബുദ്ദി മാത്രമാണ് ഹൈദരബാദ് നിരയില്‍ തിളങ്ങിയത്. മത്സരത്തില്‍ 3.3 ഓവറില്‍ 21 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ കൊയ്ത മുഹമ്മദ് ശമി ബംഗാളിന്റെ വിക്കറ്റ് വേട്ടയില്‍ മുന്‍പന്തിയില്‍ നിന്നു. മൂന്നാമനായി ആദ്യ ഓവറില്‍ തന്നെ ക്രീസിലെത്തിയ തിലക് വര്‍മ ഒമ്പതാം വിക്കറ്റ് വരെ പിടിച്ചു നിന്നു. ടീമിന്റെ സ്‌കോര്‍ 134ലെത്തിച്ച് 18ാം ഓവറിന്റെ അവസാന പന്തിലാണ് താരം ക്രീസില്‍ നിന്ന് ഒഴിഞ്ഞത്. കനിഷ്‌ക് സെതിന്റെ പന്തില്‍ അഭിഷേക് പൊരേലിന്റെ ക്യാച്ചിലാണ് തിലക് വര്‍മ ഡ്രസ്സിംഗ് മുറിയിലേക്ക് പോയത്.

തുടര്‍ച്ചയായ മൂന്ന് ടി20 മത്സരങ്ങളില്‍ സെഞ്ച്വിറി നേടിയ ആദ്യ താരമെന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയ തിലക് വര്‍മ തുടര്‍ച്ചയായ നാല് ടി20 മത്സരങ്ങളില്‍ നിന്ന് മൂന്ന് സെഞ്ച്വറിയും ഒരു ഫിഫ്റ്റിയുമടക്കം 435 റണ്‍സാണ് കൊയ്തത്. അഥവാ ശരാശരി ഒരു കളിയില്‍ നിന്ന് 109 റണ്‍സ്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button