Sports

അവന്റെ പ്രായം 13; ഐ പി എല്ലില്‍ ഈ പയ്യന്‍ എന്താ കാര്യമെന്നാണോ…എങ്കില്‍ അറിയുക ഇവന്റെ വില 1.10 കോടിയാണ്

ജിദ്ദ: സ്‌കൂള്‍ കുട്ടികള്‍ക്കൊപ്പം മാവിന് എറിഞ്ഞ് നടക്കേണ്ട പ്രായത്തില്‍ ബിഹാറുകാരനായ ഈ 13കാരന്‍ ഐ പി എല്ലിലെ പുതിയ താരോദയമാകാനിരിക്കുകയാണ്. ഇവനെ സൂക്ഷിക്കേണ്ടി വരും. അടുത്ത ഐ പി എല്‍ സീസണില്‍ ഇവന്‍ ലോക ക്രിക്കറ്റ് പ്രേമികളുടെ ഹൃദയം കൈയ്യടക്കാനുള്ള ഒരുക്കത്തിലാണ്. പേര് വൈഭവ് സൂര്യവന്‍ഷി. സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് ഇവനെ വാങ്ങിയത് ഒന്നും രണ്ടും ലക്ഷത്തിനല്ല. 30 ലക്ഷത്തിന്റെ അടിസ്ഥാന വിലയുള്ള ഇവനെ ലേലത്തിലൂടെ കൈക്കലാക്കിയ രാജസ്ഥാന്‍ നല്‍കിയത് 1.10 കോടി രൂപയാണ്. ലേലത്തില്‍ ഏറെ ശ്രദ്ധിച്ച് മാത്രം കരുക്കള്‍ നീക്കുന്ന രാജസ്ഥാന്‍ റോയല്‍സ് എന്തിനാണ് ഈ 13കാരന് വേണ്ടി ഇത്രയധികം പണം ചെലവാക്കിയതെന്നല്ലേ..കാരണം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെയും യുവരാജ് സിംഗിന്റെയും റെക്കോര്‍ഡ് പഴങ്കഥയാക്കിയാണ് ഈ ചെറുക്കന്‍ ക്രിക്കറ്റ് ലോകത്തേക്ക് എത്തിയത് തന്നെ.

അണ്ടര്‍ 19 ക്രിക്കറ്റിലും ആഭ്യന്തര ക്രിക്കറ്റിലും മിന്നും പ്രകടനം കാഴ്ചവെച്ച ഈ താരം 2023-24 സീസണിലെ രഞ്ജി ട്രോഫിയില്‍ 12 വയസ്സും 284 ദിവസവും പ്രായമുള്ളപ്പോള്‍ അരങ്ങേറി കൗമാര താരം ചരിത്രം കുറിച്ചിട്ടുണ്ട്. മുന്‍ ഇതിഹാസ താരങ്ങളായ യുവരാജ് സിങ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരുടെ റെക്കോര്‍ഡും ഈ കൗമാര താരം പഴങ്കഥയാക്കുകയും ചെയ്തു. യുവി 15 വയസ്സും 57 ദിവസവും പ്രായുള്ളപ്പോഴാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയതെങ്കില്‍ 15 വയസ്സും 230 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു സച്ചിന്റെ കന്നി മല്‍സരം.

ലോക ക്രിക്കറ്റിലെ സെന്‍സേഷനായി വൈഭവ് സൂര്യവന്‍ഷി ഉയര്‍ന്നുവന്നത് ഓസ്ട്രേലിയക്കെതിരായ യൂത്ത് ടെസ്റ്റ് പരമ്പരയിലെ മിന്നുന്ന പ്രകടനത്തിനു ശേഷമാണ്. ഓസീസിനെതിരേ ചെന്നൈയില്‍ നടന്ന പോരാട്ടത്തില്‍ സെഞ്ച്വറിയോടെയാണ് താരം ക്രിക്കറ്റ് ലോകത്തെ ഞെട്ടിത്. വെറും 62 ബോളില്‍ 104 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്.

13 വയസ്സും 188 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു താരത്തിന്റെ അവിശ്വസനീയ പ്രകടനം.മാത്രമല്ല യൂത്ത് ലെവലില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേട്ടമെന്ന റെക്കോര്‍ഡും വൈഭവിനെ തേടിയെത്തി. 58 ബോളുകളില്‍ നിന്നാണ് താരം മൂന്നക്കത്തിലെത്തിയത്. ലോക ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറിയായും ഇതു മാറിയിരുന്നു.

അതുകൊണ്ട് തന്നെ ജയ്സ്വാള്‍, റിയാന്‍ പരാഗ്, ധ്രുവ് ജുറേല്‍ എന്നീ യുവതാരങ്ങളെയെല്ലാം വളര്‍ത്തിയെടുത്ത റോയല്‍സിന്റെ മറ്റൊരു കണ്ടെത്തലായി വൈഭവ് മാറിയേക്കുമെന്നതില്‍ സംശയമില്ല.

The post അവന്റെ പ്രായം 13; ഐ പി എല്ലില്‍ ഈ പയ്യന്‍ എന്താ കാര്യമെന്നാണോ…എങ്കില്‍ അറിയുക ഇവന്റെ വില 1.10 കോടിയാണ് appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button