Kerala

ഉടനെ പ്രതികരിച്ചിട്ടില്ലെങ്കില്‍ വാലിഡ് ആവാതിരിക്കാന്‍ ഒ ടി പി അല്ല സ്ത്രീയുടെ പൗരാവകാശം; കിടിലന്‍ പോസ്റ്റുമായി കെ ആര്‍ മീര

പീഡിപ്പിച്ചതിനും അപമാനിക്കപ്പെട്ടതിനും പരാതിപ്പെടാന്‍ ഒരുപാട് താമസം എടുക്കുന്നത് എന്തിനാണ്…എന്തേ അവര്‍ക്ക് അതേകുറിച്ച് അപ്പോള്‍ പ്രതികരിക്കാതിരുന്നത്. അന്ന് തന്നെ കേസ് കൊടുക്കാമായിരുന്നില്ലേ… സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ചര്‍ച്ചയാകുമ്പോള്‍ താന്‍ പീഡിപ്പിക്കപ്പെട്ടുവെന്നും അപമാനിക്കപ്പെട്ടുവെന്നും പരാതി പെടുമ്പോഴുമൊക്കെ സോഷ്യല്‍ മീഡിയയിലും ചാനല്‍ ചര്‍ച്ചകളിലും ചോദിക്കുന്ന ചോദ്യങ്ങളാണിത്. ഒട്ടും മനുഷ്യത്വപരമോ ജനാധിപത്യപരമോ അല്ലാത്ത ഈ ചോദ്യങ്ങള്‍ മലയാളികള്‍ ഏറ്റെടുക്കുന്ന കാഴ്ചയും കാണാറുണ്ട്. എന്നാല്‍, വിലകുറഞ്ഞ ഇത്തം ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും വായടപ്പന്‍ മറുപടി നല്‍കിയിരിക്കുകായണ് എഴുത്തുകാരിയായ കെ ആര്‍ മീര.

ഒരു അതിക്രമം നേരിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞ് പ്രതികരിച്ചാലും അതിക്രമം അല്ലാതാവുന്നില്ലെന്നും അതിക്രമം നടന്ന് മിനുറ്റുകള്‍ക്കുള്ളില്‍ പ്രതികരിച്ചില്ലെങ്കില്‍ വാലിഡ് അല്ലാതായി പോകാന്‍ ഇത് ഒടിപി ഒന്നുമല്ലെന്നും കെ ആര്‍ മീര പ്രതികരിച്ചു. ഫേസ്ബുക്ക് വഴിയായിരുന്നു മീരയുടെ പ്രസ്താവന.

നടി ഹണി റോസിന്റെ ലൈംഗിക അതിക്രമപരാതിയിലെ കേസ് പുരോഗമിക്കുന്നതിനിടെയാണ് കെ.ആര്‍ മീരയുടെ പോസ്റ്റ്. ഹണി റോസിനെ ആക്ഷേപിച്ച് രാഹുല്‍ ഈശ്വര്‍ രംഗത്തെത്തിയതും കെ ആര്‍ മീരയുടെ പോസ്റ്റിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

മീരയുടെ പോസ്റ്റ്: ”ഒരു അതിക്രമം നേരിട്ടാല്‍, ഒരു വര്‍ഷം കഴിഞ്ഞു പ്രതികരിച്ചാലും രണ്ടു വര്‍ഷം കഴിഞ്ഞു പ്രതികരിച്ചാലും പ്രതികരിച്ചേയില്ലെങ്കിലും അതിക്രമം അതിക്രമം അല്ലാതാകുകയില്ല. അതു കുറ്റകൃത്യം അല്ലാതാകുകയില്ല.അവരവര്‍ക്കു മുറിപ്പെടുംവരെ എങ്ങനെ വേദനിക്കണം, എത്ര നേരത്തിനകം വേദനിക്കണം എന്നൊക്കെ ഉപദേശിക്കാന്‍ എളുപ്പമാണ്.അഞ്ചോ പത്തോ മിനിറ്റിനുള്ളില്‍ പ്രതികരിച്ചില്ലെങ്കില്‍ വാലിഡ് അല്ലാതാകാന്‍ ഒടിപി അല്ല, സ്ത്രീയുടെ പൗരാവകാശങ്ങള്‍”- കെ ആര്‍ മീര ഫേസ്ബുക്കില്‍ കുറിച്ചു.

ശക്തമായ സ്ത്രീ കഥാപാത്രത്തെയും സ്ത്രീത്വത്തെയും ഉയര്‍ത്തിക്കൊണ്ടുവന്ന ത്രസിപ്പിക്കുന്ന നോവലായ ആരാച്ചാറിന്റെ രചയിതാവ് കൂടിയാണ് മീര.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button