129 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഗള്‍ഫൂഡ് 30ാം എഡിഷന് ദുബായില്‍ തുടക്കമായി

ദുബായ്: 129 രാജ്യങ്ങളില്‍ നിന്നുള്ള 5,500 ഓളം ഭക്ഷ്യ-പാനീയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ പങ്കാളികളാവുന്ന ഗള്‍ഫൂഡ് 2025ന് ദുബായില്‍ തുടക്കമായി. ദ നെക്സ്റ്റ് ഫ്രോണ്ടിയര്‍ ഇന്‍ ഫൂഡ് എന്ന പ്രമേയത്തിലാണ് മുപ്പതാമത്തെ എഡിഷന് ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ തുടക്കമായിരിക്കുന്നത്. 10 ലക്ഷത്തില്‍ അധികം വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.
13 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള സ്ഥലത്താണ് 24 പടുകൂറ്റന്‍ ഹാളുകളിലായി പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. നാളിതുവരെ ദുബായ് സംഘടിപ്പിച്ചതില്‍ വച്ച് ഏറ്റവും വലിയ ഗള്‍ഫ് ഫൂഡ് പ്രദര്‍ശന മേളയാണ് ഈ വര്‍ഷത്തേതെന്ന് സംഘാടകര്‍ അവകാശപ്പെട്ടു. ഈ മാസം 25 വരെയാണ് മേള തുടരുക.
സന്ദര്‍ശകരായി പ്രദര്‍ശനത്തിലേക്ക് എത്തുന്നവര്‍ക്ക് ഗള്‍ഫ് ഡിസ്‌കവറി ടൂറുകളില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. വിവിധ ഭക്ഷ്യ വിഷയങ്ങളെക്കുറിച്ചുള്ള സമര്‍പ്പിത ടൂറുകള്‍ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ആഗോള ഭക്ഷ്യരംഗത്തെ മാറുന്ന പ്രവണതകളും പുതിയ സാങ്കേതികവിദ്യകളും പുത്തന്‍ ആശയങ്ങളും എല്ലാം പരിചയപ്പെടാനും ഇവിടം സന്ദര്‍ശിക്കുന്നതിലൂടെ സന്ദര്‍ശകര്‍ക്കും സംരംഭകര്‍ക്കും അവസരം ലഭിക്കും.
The post 129 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഗള്‍ഫൂഡ് 30ാം എഡിഷന് ദുബായില്‍ തുടക്കമായി appeared first on Metro Journal Online.