Gulf

പൊതുമാപ്പ് അവസാനിച്ച ശേഷം അറസ്റ്റിലായത് 6000 അധികം നിയമലംഘകര്‍

അബുദാബി: കഴിഞ്ഞവര്‍ഷം ഡിസംബര്‍ 31ന് അവസാനിച്ച നാലു മാസത്തെ പൊതുമാപ്പ് കാലാവധിക്ക് ശേഷം 6,000ല്‍ അധികം നിയമലംഘകര്‍ അറസ്റ്റിലായതായി യുഎഇ അറിയിച്ചു. വിസ നിയമങ്ങള്‍ ലഭിച്ചവരെ കണ്ടെത്താന്‍ നടത്തിയ രാജ്യവ്യാപകമായ തിരച്ചലിലാണ് ഇത്രയും ആളുകള്‍ പിടിയിലായത്. മൊത്തം 270 പരിശോധനകള്‍ ക്യാമ്പയിന്റെ ഭാഗമായി നടത്തിയതായും ഇന്നലെ മുതിര്‍ന്ന യുഎഇ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

ടുവാട്‌സ് എ സെയിഫര്‍ സൊസൈറ്റി എന്ന പേരിലാണ് ജനുവരി മാസം മുഴുവനും പരിശോധനകള്‍ നടത്തിയത്. പിടിയിലായവരില്‍ 93 ശതമാനത്തെയും നാടുകടത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇത്തരം നിയമലംഘകര്‍ക്ക് യാതൊരു കാരണവശാലും അഭയം നല്‍കരുതെന്നും വിസ നിയമം ലംഘിച്ചവര്‍ക്കെതിരെയുള്ള പരിശോധന ക്യാമ്പയിന്‍ ഫെബ്രുവരിയിലും തുടരുമെന്നും അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുഹൈല്‍ സഹീദ് അല്‍ ഖലീലി വ്യക്തമാക്കി.

പൊതുമാപ്പ് കാലമായ 2024 സെപ്റ്റംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലത്ത് നിയമലംഘകര്‍ക്ക് തങ്ങളുടെ രേഖകള്‍ ശരിപ്പെടുത്തി യുഎഇയില്‍ താമസം തുടരാനോ, രാജ്യം വിടാനുള്ള അവസരം ഫെഡറല്‍ ഗവണ്‍മെന്റ് നല്‍കിയിരുന്നു. ഈ കാലാവധിക്ക് ശേഷവും രാജ്യത്ത് അനധികൃതമായി തങ്ങുന്നവരെ ലക്ഷ്യമിട്ടാണ് പരിശോധനകള്‍ നടക്കുന്നത്. ഫെഡറല്‍ ഗവണ്‍മെന്റിന്റെ കീഴിലുള്ള വിവിധ വകുപ്പുകളും ആയി ചേര്‍ന്നാണ് പരിശോധന ക്യാമ്പയിന്‍ തുടരുന്നതെന്ന് ഐസിപി ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ സഈദ് സലീം അല്‍ ശംസി വ്യക്തമാക്കി

രാജ്യത്ത് അനധികൃതമായി തങ്ങി പിടിയിലാവുന്നവരക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പിഴ ചുമത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരക്കാര്‍ക്ക് ജോലിയോ, താമസസൗകര്യമോ ഏര്‍പ്പെടുത്തിയവര്‍ക്കെതിരേയും നടപടിയുണ്ടാവും. നിയമലംഘകരോട് യാതൊരുവിധ ദാക്ഷിണ്യവും കാണിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നിയമലംഘകാര്‍ക്ക് 10,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയും തടവുമായിരിക്കും ശിക്ഷയെന്നും അല്‍ ശംസി ഓര്‍മിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button