പത്താം ക്ലാസ് വിദ്യാർഥിയെ കാറിടിച്ച് കൊന്ന കേസ്; പ്രിയരഞ്ജന് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ

തിരുവനന്തപുരം കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാർഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി പ്രിയരഞ്ജന് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പിഴത്തുക കുട്ടിയുടെ മാതാപിതാക്കൾക്ക് നൽകാനും കോടതി നിർദേശിച്ചു. പൂവച്ചൽ സ്വദേശിയായ ആദിശേഖറിനെ(15) 2023ലാണ് പ്രതി കാറിടിച്ച് കൊല്ലുന്നത്. ക്ഷേത്ര മതിലിൽ പ്രതി മൂത്രമൊഴിച്ചത് കുട്ടി ചോദ്യം ചെയ്ത പ്രകോപനത്തിലായിരുന്നു കൊലപാതകം
പൂവച്ചൽ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന്റെ മതിലിൽ പ്രിയരഞ്ജൻ മൂത്രമൊഴിച്ചതിനെ ആദിശേഖർ ചോദ്യം ചെയ്തിരുന്നു. ഇതിനുള്ള വൈരാഗ്യത്തിലാണ് 2023 ഓഗസ്റ്റ് 30ന് ആദിശേഖറിനെ കാറിടിച്ച് കൊന്നത്. ക്ഷേത്രത്തിന് സമീപത്തെ റോഡിൽ സൈക്കിളിൽ കയറാൻ ആദിശേഖർ ശ്രമിക്കുന്നതിനിടെ പിന്നിലൂടെ കാറിലെത്തിയ പ്രതി ഇടിച്ച് തെറിപ്പിച്ച ശേഷം നിർത്താതെ ഓടിച്ച് പോകുകയായിരുന്നു
കുട്ടിയുടെ ബന്ധുക്കൾ നൽകിയ മൊഴിയും സിസിടിവി ദൃശ്യങ്ങളുമാണ് ആസൂത്രിത കൊലപാതകമാണെന്ന് തിരിച്ചറിയാൻ കാരണമായത്. സംഭവത്തിന് ശേഷം കാർ ഉപേക്ഷിച്ച് കുടുംബവുമായി തമിഴ്നാട്ടിലേക്ക് കടന്ന പ്രിയരഞ്ജനെ കന്യാകുമാരി കുഴിത്തുറയിൽ നിന്നാണ് പിടികൂടിയത്.
The post പത്താം ക്ലാസ് വിദ്യാർഥിയെ കാറിടിച്ച് കൊന്ന കേസ്; പ്രിയരഞ്ജന് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ appeared first on Metro Journal Online.