Kerala

ചെന്താമര തമിഴ്‌നാട്ടിലൊന്നും പോയിട്ടില്ല; നാട്ടില്‍ തന്നെയുണ്ട്; തിരച്ചില്‍ വ്യാപകം

നെന്മാറയില്‍ അമ്മയേയും മകനേയും വെട്ടിക്കൊന്ന കേസിലെ പ്രതി ചെന്താമരക്ക് വേണ്ടി പോലീസ് തമിഴ്‌നാട്ടില്‍ വലവിരിച്ചിരിക്കുമ്പോള്‍ അയാള്‍ നാട്ടില്‍ തന്നെയുണ്ടെന്ന് സ്ഥിരീകരണം. പ്രതി പ്രദേശം വിട്ടുപോയിട്ടില്ലെന്നും പോത്തുണ്ടി മാട്ടായിയില്‍ ചെന്താമരയെ കണ്ടതായും നാട്ടുകാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം പുരോഗമിച്ചു. പ്രദേശത്ത് കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥികളാണ് പ്രതിയെ ആദ്യം കണ്ടത്. പ്രദേശത്ത് കണ്ടത് ചെന്താമരയെത്തന്നെയാണെന്ന് പൊലീസും സ്ഥിരീകരിച്ചു. സിസി ടിവി ദൃശ്യങ്ങളില്‍ കുട്ടികള്‍ കണ്ടത് ചെന്താമരയെ തന്നെയാണെന്ന് പോലീസും വ്യക്തമാക്കി.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസുകാര്‍ ഇങ്ങോട്ട് വന്നിരുന്നുവെന്നും പ്രദേശത്തെ കോഴിഫാമിന് സമീപത്ത് നിന്ന് ഒരാള്‍ ഓടിപ്പോകുന്നതാണ് കണ്ടതെന്നും ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. നാട്ടുകാര്‍ സ്റ്റേഷനില്‍ വിളിച്ച് പെട്ടന്ന് വരാന്‍ പറഞ്ഞത് പ്രകാരമാണ് തങ്ങള്‍ ഇങ്ങോട്ട് വന്നതെന്നും ആലത്തൂര്‍ ഡിവൈഎസ്പി പറഞ്ഞു. കണ്ടത് ചെന്താമരയെ തന്നെയെന്നും ഡിവൈഎസ്പി എന്‍ മുരളീധരന്‍ സ്ഥിരീകരിച്ചു. പൊലീസ് ഉദ്യോഗസ്ഥനെ കണ്ടയുടനെ പ്രതി വനത്തിലേക്ക് ഓടി മറയുകയായിരുന്നു.പ്രതി നേരത്തെയും കുറ്റകൃത്യം നടത്തി കാട്ടിനുള്ളിലേക്ക് വലിയുകയായിരുന്നു പതിവ്. ഇത്തവണയും ഈ സാധ്യത അന്വേഷണ സംഘം കണക്കിലെടുത്തിരുന്നു. ഇത് ശരിവെക്കും വിധമാണ് നിലവിലെ സംഭവ വികാസങ്ങള്‍. ചെന്താമരയുടെ ബന്ധുവിന്റെ വീട് മാട്ടായയില്‍ ഉണ്ടെന്ന വിവരവും പുറത്ത് വരുന്നുണ്ട്.

പ്രതിക്ക് വേണ്ടി പോലീസും നാട്ടുകാരും രാത്രി വൈകിയും തിരച്ചില്‍ തുടരുകയാണ്. അതേസമയം, ചെന്താമരയെ കണ്ടെത്താന്‍ ഒന്നര ദിവസം കഴിഞ്ഞിട്ടും പോലീസിന് കഴിയാത്തത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. പ്രതി ജാമ്യ വ്യവസ്ഥ ലംഘിച്ചത് പോലീസിന്റെ ജാഗ്രതാ കുറവ് കൊണ്ടാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്.

The post ചെന്താമര തമിഴ്‌നാട്ടിലൊന്നും പോയിട്ടില്ല; നാട്ടില്‍ തന്നെയുണ്ട്; തിരച്ചില്‍ വ്യാപകം appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button