Gulf

മലപ്പുറം സ്വദേശിയുടെ നിയമ പോരാട്ടം വിജയം കണ്ടു; ഗുജറാത്തിയായ ഉടമ 10 ലക്ഷം രൂപ ആനുകൂല്യങ്ങളായി നല്‍കാന്‍ ദുബായ് കോടതിയുടെ വിധി

ദുബായ്: മലപ്പുറം സ്വദേശിയായ സൂപ്പര്‍വൈസറുടെ നിയമ പോരാട്ടം ദുബായ് കോടതിയില്‍ വിജയം കണ്ടു. ഇതോടെ തൊഴില്‍ ഉടമയായ ഗുജറാത്ത് സ്വദേശി മലയാളിയുടെ തൊഴില്‍ ആനുകൂല്യങ്ങള്‍ പൂര്‍ണമായി നല്‍കണമെന്ന് ദുബായ് കോടതി ഉത്തരവിട്ടു. മലപ്പുറം മക്കരപ്പറമ്പ് സ്വദേശി ഉണ്ണികൃഷ്ണനാണ് തനിക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ കോടതി ഇടപെടലിലൂടെ നേടിയെടുത്തത്.

2019 മുതല്‍ 2024 വരെയുള്ള കാലഘട്ടത്തിലെ അഞ്ചുവര്‍ഷമാണ് ഉണ്ണികൃഷ്ണന്‍ ഗുജറാത്തിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തത്. എന്നാല്‍ ജോലി ചെയ്തിരുന്ന കാലഘട്ടത്തില്‍ കൃത്യമായി വേതനമോ, ആനുകൂല്യങ്ങളോ നല്‍കാതിരുന്നതാണ് മക്കരപ്പറമ്പ് സ്വദേശിയെ കോടതി കയറാന്‍ പ്രേരിപ്പിച്ചത്. വേതനം മുടങ്ങുന്നത് പതിവായതോടെ പിന്നീട് ജോലി ഉപേക്ഷിക്കുകയും യാബ് നിയമ സഹായ സംഘത്തിന്റെ സഹായത്തോടെ ലേബര്‍ കോടതിയെ സമീപിക്കുകയുമായിരുന്നു.

ഉണ്ണികൃഷ്ണന് ജീവനക്കാരന്‍ എന്ന നിലവില്‍ അര്‍ഹമായ അലവന്‍സോ, ഗ്രാറ്റിവിറ്റിയോ, നാലു മാസത്തെ ശമ്പളമോ ലഭിച്ചിട്ടില്ലെന്ന് കോടതിയുടെ അന്വേഷണത്തില്‍ തെളിഞ്ഞതോടെയാണ് 44,455 ദിര്‍ഹം (10 ലക്ഷത്തോളം രൂപ) നഷ്ടപരിഹാരമായി നല്‍കാന്‍ ലേബര്‍ കോടതി കമ്പനിയോട് ആവശ്യപ്പെട്ടത്. നഷ്ടപരിഹാരം നല്‍കുന്നതുവരെ കമ്പനിയുടെ വസ്തുവകകള്‍ പിടിച്ചെടുക്കാനും ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനും കോടതി നിര്‍ദേശിച്ചതോടെ കമ്പനി ഉടന്‍ നഷ്ടപരിഹാരത്തുക കോടതിയില്‍ കെട്ടിവെക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button