Gulf

സഊദിക്കും ഇന്ത്യക്കും ഇടയില്‍ പുതിയ ഷിപ്പിങ് റൂട്ട്

ജിദ്ദ: സഊദിക്കും പ്രധാന വ്യാപാര പങ്കാളിയായ ഇന്ത്യക്കുമിടയില്‍ പുതിയ ഷിപ്പിങ് റൂട്ട് തുടങ്ങി. റെഗുലര്‍ ലൈനര്‍, ഫീഡര്‍ സേവനങ്ങളില്‍ വൈദഗ്ധ്യമുള്ള ഫോക്ക് മാരിടൈം സര്‍വീസസ് കമ്പനിയാണ് ചെങ്കടലിലെ ജിദ്ദ ഇസ്ലാമിക് തുറമുഖത്തെ ഇന്ത്യന്‍ തുറമുഖങ്ങളായ മുന്ദ്ര, നവ ഷെവ എന്നിവയുമായി ബന്ധിപ്പിച്ചുകൊണ്ട് ഷിപ്പിങ് റൂട്ട് ആരംഭിച്ചിരിക്കുന്നത്.

രണ്ട് കപ്പലുകളിലായാണ് ഈ റൂട്ട് വഴി ചരക്കുനീക്കം നടത്തുക. സൗദിക്കും ഇന്ത്യയ്ക്കും ഇടയില്‍ പെട്രോകെമിക്കല്‍ സാമഗ്രികള്‍ ഉള്‍പ്പെടെയുള്ള ചരക്കുകളുടെയും ഉല്‍പ്പന്നങ്ങളുടെയും നീക്കം സുഗമമാക്കുന്നതിലൂടെ വ്യാപാര ബന്ധങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കുമെന്ന് സൗദി പ്രസ് ഏജന്‍സി അറിയിച്ചു.
2023ല്‍ സൗദി അറേബ്യയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതി 113.35 ബില്യണ്‍ റിയാല്‍ (30.20 ബില്യണ്‍ ഡോളര്‍), ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി 43.57 ബില്യണ്‍ റിയാല്‍ എന്നിങ്ങനെയായിരുന്നുവെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ ഡാറ്റ വ്യക്തമാക്കുന്നു. ഇന്ത്യയിലേക്കുള്ള മൂന്നാമത്തെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ കയറ്റുമതി രാജ്യമാണ് സഊദി.

അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ അനുബന്ധ സ്ഥാപനമാണ് ജിദ്ദയെ ഇന്ത്യയിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന പുതിയ ഷിപ്പിങ് റൂട്ട് ആരംഭിച്ചിരിക്കുന്നത്. സൗദി വിഷന്‍ 2030ന് അനുസൃതമായി ഒരു പ്രമുഖ ആഗോള ലോജിസ്റ്റിക്സ് ഹബ്ബായി മാറാനുള്ള സൗദിയുടെ ശ്രമത്തിന്റെ ഭാഗമാണ് ഈ പദ്ധതി. സൗദി അറേബ്യ ഇന്ത്യയുടെ നാലാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ്. അതേസമയം ഇന്ത്യയാവട്ടെ സൗദിയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിത്ത രാജ്യവുമാണെന്ന സവിശേഷതയുമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button