Gulf

ദുബായ് മെട്രോ ബ്ലൂ ലൈൻ വികസന പദ്ധതിക്ക് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് തറക്കല്ലിട്ടു

ദുബായ്: ദുബായ് മെട്രോ ബ്ലൂ ലൈൻ വികസന പദ്ധതിയുടെ തറക്കല്ലിടൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിർവഹിച്ചു. ദുബായിയുടെ ഗതാഗത മേഖലയിൽ ഒരു സുപ്രധാന ചുവടുവെപ്പായി ഈ പദ്ധതി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

30 കിലോമീറ്റർ ദൈർഘ്യമുള്ള ബ്ലൂ ലൈൻ, ദുബായ് ക്രീക്കിലൂടെ 1.3 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന പാതയോടെയാണ് ആരംഭിക്കുന്നത്. ഇതിൽ 15.5 കിലോമീറ്റർ ഭൂമിക്കടിയിലൂടെയും 14.5 കിലോമീറ്റർ ഭൂമിക്കുമുകളിലൂടെയുമാണ് നിർമ്മിക്കുന്നത്. 20.5 ബില്യൺ ദിർഹം (ഏകദേശം 47,800 കോടി രൂപ) ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി 2029-ഓടെ പൂർത്തിയാകുമെന്നാണ് കരുതുന്നത്.

ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ദുബായ് മെട്രോയുടെ ആകെ ദൈർഘ്യം 131 കിലോമീറ്ററായും സ്റ്റേഷനുകളുടെ എണ്ണം 78 ആയും വർദ്ധിക്കും. ബ്ലൂ ലൈനിൽ ആകെ 14 സ്റ്റേഷനുകളുണ്ടാകും. അൽ ജദ്ദാഫ്, അൽ റാഷിദിയ, ഇന്റർനാഷണൽ സിറ്റി 1 തുടങ്ങിയ പ്രധാന ഇന്റർചേഞ്ച് സ്റ്റേഷനുകളും ഇതിൽ ഉൾപ്പെടുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മെട്രോ സ്റ്റേഷനായ എമാർ പ്രോപ്പർട്ടീസ് സ്റ്റേഷൻ (74 മീറ്റർ ഉയരം) ബ്ലൂ ലൈനിന്റെ ഭാഗമായിരിക്കും.

ദുബായ് ഇന്റർനാഷണൽ സിറ്റി, ദുബായ് സിലിക്കൺ ഒയാസിസ്, അക്കാദമിക് സിറ്റി, റാസ് അൽ ഖോർ ഇൻഡസ്ട്രിയൽ ഏരിയ, ദുബായ് ക്രീക്ക് ഹാർബർ, ഫെസ്റ്റിവൽ സിറ്റി, മിർദിഫ്, അൽ വർഖ എന്നിവയുൾപ്പെടെ നിരവധി പ്രധാന പ്രദേശങ്ങളെ ബ്ലൂ ലൈൻ ബന്ധിപ്പിക്കും. 2040-ഓടെ പ്രതിദിനം 3,20,000 യാത്രക്കാരെ ഉൾക്കൊള്ളാൻ ഈ ലൈനിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്ലൂ ലൈൻ പൂർത്തിയാകുന്നതോടെ ഈ മേഖലകളിലെ ഗതാഗതക്കുരുക്ക് 20 ശതമാനം കുറയുമെന്നും റിയൽ എസ്റ്റേറ്റ് മൂല്യം 25 ശതമാനം വരെ ഉയരുമെന്നും അധികൃതർ കണക്കാക്കുന്നു.

ദുബായിയെ ലോകത്തിലെ ഏറ്റവും മികച്ച നഗരമാക്കി മാറ്റാനുള്ള തങ്ങളുടെ ലക്ഷ്യം ഈ പദ്ധതിയിലൂടെ കൂടുതൽ ദൃഢമാക്കുകയാണെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കി. 2009 സെപ്റ്റംബറിലാണ് ദുബായ് മെട്രോ പ്രവർത്തനം ആരംഭിച്ചത്. നിലവിൽ റെഡ്, ഗ്രീൻ ലൈനുകളിലാണ് ട്രെയിനുകൾ സർവീസ് നടത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button