എയർബസ് A380 വിമാനങ്ങൾ ഇത്തിഹാദ് തിരിച്ചെത്തിക്കുന്നു; 2027-ഓടെ 2 വിമാനങ്ങൾ കൂടി സർവീസിൽ

അബുദാബി ആസ്ഥാനമായുള്ള വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേയ്‌സ് തങ്ങളുടെ എയർബസ് A380 വിമാനങ്ങൾ വീണ്ടും സർവീസിനെത്തിക്കുന്നു. 2027-ഓടെ രണ്ട് A380 വിമാനങ്ങൾ കൂടി നിരത്തിലിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതോടെ ഇത്തിഹാദിന്റെ എയർബസ് A380 വിമാനങ്ങളുടെ എണ്ണം ഒമ്പതായി ഉയരും.
കോവിഡ് മഹാമാരിയുടെ സമയത്ത് സർവീസ് നിർത്തിവെച്ച വിമാനങ്ങളാണ് ഘട്ടംഘട്ടമായി ഇത്തിഹാദ് ഇപ്പോൾ തിരികെ കൊണ്ടുവരുന്നത്. നിലവിൽ ഏഴ് A380 വിമാനങ്ങളാണ് ഇത്തിഹാദിന് സർവീസിലുള്ളത്. 2026 ജൂണിൽ ഒരു വിമാനവും, 2027 ജനുവരിയിൽ രണ്ടാമത്തെ വിമാനവും സർവീസിനെത്തിക്കാനാണ് തീരുമാനം. കമ്പനിയുടെ ദീർഘകാല വളർച്ചാ ലക്ഷ്യങ്ങളുടെ ഭാഗമായാണ് ഈ നീക്കം.
“നമുക്ക് കൂടുതൽ A380-കൾ വേണം, പക്ഷെ അവ നമുക്ക് ലാഭം തരുന്നില്ലെങ്കിൽ തിരികെ കൊണ്ടുവരില്ല,” എന്ന് ഇത്തിഹാദിന്റെ ചീഫ് റവന്യൂ ആൻഡ് കൊമേഴ്സ്യൽ ഓഫീസർ ഏരിയക് ഡി (Arik De) കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 2032 വരെ A380 വിമാനങ്ങൾ സർവീസിലുണ്ടാകുമെന്നാണ് ഇത്തിഹാദ് സിഇഒ ആൻ്റോനോൾഡോ നെവിസ് (Antonoaldo Neves) നേരത്തെ സൂചിപ്പിച്ചിരുന്നത്.
വളർന്നുവരുന്ന യാത്രാ ആവശ്യം പരിഗണിച്ചാണ് ഈ വിമാനങ്ങൾ വീണ്ടും കൊണ്ടുവരുന്നത്. വലിയ റൂട്ടുകളിൽ കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാൻ എയർബസ് A380 വിമാനങ്ങൾ സഹായിക്കും. നിലവിൽ ലണ്ടൻ, പാരീസ്, സിംഗപ്പൂർ, ടൊറന്റോ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള സർവീസിനാണ് ഈ വിമാനങ്ങൾ ഉപയോഗിക്കുന്നത്.
The post എയർബസ് A380 വിമാനങ്ങൾ ഇത്തിഹാദ് തിരിച്ചെത്തിക്കുന്നു; 2027-ഓടെ 2 വിമാനങ്ങൾ കൂടി സർവീസിൽ appeared first on Metro Journal Online.