Kerala

മലപ്പുറം ചുങ്കത്തറ പഞ്ചായത്തിലെ അവിശ്വാസ പ്രമേയം; വൈസ് പ്രസിഡൻ്റിനെ കാണാനില്ലെന്ന പരാതിയുമായി സിപിഐഎം

മലപ്പുറം: ചുങ്കത്തറ പഞ്ചായത്തിൽ അവിശ്വാസ പ്രമേയ ചർച്ച നടക്കാനിരിക്കെ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ കാണാനില്ലെന്ന് പരാതിയുമായി സിപിഐഎം രം​ഗത്ത്. ഇടതുമുന്നണി അം​ഗമായ നുസൈബ സുധീറിനെ രണ്ട് ദിവസമായി ബന്ധപ്പെടാനാകുന്നില്ലെന്നാണ് സിപിഐഎം നേതൃത്വത്തിൻ്റെ പരാതി. യുഡിഎഫിൻ്റെ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി നുസൈബ നിൽക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. തൃണമൂൽ കോൺ​ഗ്രസ് മണ്ഡലം ചെയർമാൻ സുധീർ പുന്നപ്പാലയുടെ ഭാ​ര്യയാണ് നുസൈബ. നുസൈബയെ കാണാനില്ലെന്ന സിപിഐഎം പരാതി ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അങ്ങനെയൊരു പരാതി കുടുംബത്തിനില്ലെന്നായിരുന്നു സുധീറിൻ്റെ പ്രതികരണം. നുസൈബ ഒപ്പമുണ്ടെന്നും സുധീർ വ്യക്തമാക്കിയിരുന്നു.

നേരത്തെ യുഡിഎഫ് നൽകിയ അവിശ്വാസ പ്രമേയത്തിന്മേൽ ഫെബ്രുവരി 25ന് ചർച്ച നടക്കാനിരിക്കെയാണ് പുതിയ സംഭവവികാസങ്ങൾ. നേരത്തെ യുഡിഎഫ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയതിന് പിന്നാലെ എൽഡിഎഫ് അവരുടെ 10 അം​ഗങ്ങളെയും പങ്കെടുപ്പിച്ച് വാർത്താസമ്മേളനം വിളിച്ചിരുന്നു. വാർത്താസമ്മേളത്തിൽ പങ്കെടുത്ത നുബൈസ സുധീർ എൽഡിഎഫിന് പിന്തുണയും പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷം ഇവരെ കാണാതായെന്നാണ് സിപിഐഎം പരാതി

നിലവിൽ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം എൽഡിഎഫിനാണ്. ചുങ്കത്തറ പഞ്ചായത്തിൽ നിലവിൽ ഇരുമുന്നണികൾക്കും പത്ത് വീതം അം​ഗങ്ങളാണുള്ളത്. അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്നും നുസൈബ വിട്ടുനിന്നാലും പിന്തുണച്ചാലും അത് യുഡിഎഫിന് അനുകൂലമായേക്കാം.

കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ചുങ്കത്തറയിൽ യുഡിഎഫിനും എൽഡിഎഫിനും 10 വീതം സീറ്റുകളാണ് ഉണ്ടായിരുന്നത്. കക്ഷിനില തുല്യമായതിനെ തുടർന്ന് യുഡിഎഫിലെ വത്സല സെബാസ്റ്റ്യൻ നറുക്കെടുപ്പിലൂടെ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. എന്നാൽ പ്രസി‍ഡന്റ് തന്നിഷ്ടത്തോടെ പ്രവർത്തിക്കുന്നു എന്ന് ആരോപിച്ച് 14-ാം വാർഡിൽ നിന്നും ലീ​ഗ് സ്വതന്ത്രയായി മത്സരിച്ച് വിജയിച്ച നജ്മുന്നീസ ഇടതുപക്ഷത്തിനൊപ്പം ചേർന്നതോടെ അവിശ്വാസത്തിലൂടെ യുഡിഎഫ് പ്രസിഡൻ്റ് പുറത്താകുകയായിരുന്നു. പിന്നീട് ഇടതുപക്ഷത്തിൻ്റെ സ്ഥാനാ‍ർത്ഥിയായ നജ്മുന്നീസ ഒൻപതിനെതിരെ11 വോട്ടുകൾക്ക് യുഡിഎഫിൻ്റെ നിഷിദ മുഹമ്മദലിയെ പരാജയപ്പെടുത്തി പ്രസിഡൻ്റായി.

എന്നാൽ യുഡിഎഫ് പരാതിയെ തുടർന്ന് കൂറുമാറ്റ നിരോധന നിയമപ്രകാരം ഒരു വർഷത്തിന് ശേഷം നജ്മുന്നീസയെ അയോ​ഗ്യയാക്കി. ഇതോടെ യുഡിഎഫിൻ്റെ കക്ഷി നില ഒൻപത് ആകുകയും നജ്മുന്നീസയ്ക്ക് പകരം 10 അം​ഗങ്ങളുള്ള എൽഡിഎഫിലെ റീന പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പിൽ 14-ാം വാർഡിൽ യുഡിഎഫ് വിജയിച്ചു. ഇതോടെ ഇരുമുന്നണികളുടെയും കക്ഷിനില വീണ്ടും തുല്യമായി. 14-ാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ പി മൈമൂന 110 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുകയായിരുന്നു. ഉപതിരഞ്ഞെടുപ്പ് വിജയത്തോടെ കക്ഷിനില തുല്യമായെങ്കിലും പ്രസിഡൻ്റ് സ്ഥാനത്ത് ഇടതുമുന്നണി ജനപ്രതിനിധി തുടരുകയായിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button