വിസ സേനവങ്ങള്‍ക്കായി ഏകീകൃത പ്ലാറ്റ്‌ഫോം; വീട്ടുജോലിക്കുള്ള വിസക്ക് ഇനി അഞ്ചു മിനുട്ട് മതി

അബുദാബി: പരമാവധി എല്ലാ സര്‍ക്കാര്‍ സേവനങ്ങള്‍ക്കും കാലതാമസം ഒഴിവാക്കാന്‍ ഉതകുന്ന പദ്ധതികളുമായി മുന്നേറുന്ന യുഎഇയില്‍ ഇനി മിനുട്ടുകള്‍ക്കകം വീട്ടുജോലിക്കുള്ള വിസകള്‍ ലഭിക്കും. വെറും അഞ്ചു മിനുട്ടിനകം ഇത്തരം വിസകള്‍ ലഭ്യമാക്കുമെന്നാണ് ദുബൈ ജിഡിആര്‍എഫ്എ(ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറിന്‍ അഫയേഴ്‌സ്) വ്യക്തമാക്കിയിരിക്കുന്നത്.
വിസക്കുള്ള അപേക്ഷ നല്‍കല്‍, പുതുക്കല്‍, വിസ റദ്ദാക്കല്‍ തുടങ്ങിയ സേവനങ്ങളെല്ലാം നൗ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്തി മിനുട്ടുകള്‍ക്കകം ചെയ്യാനാവും. യുഎഇ മാനവശേഷി മന്ത്രാലയം, സ്വദേശിവത്കരണ മന്ത്രാലയം എന്നിവയുമായി ചേര്‍ന്നാണ് ജിഡിആര്‍എഫ്എ ഇത്തരം ഒരു വിപ്ലവകരമായ ഏകീകൃത പ്ലാറ്റ്‌ഫോം ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതോടെ സേവനങ്ങള്‍ക്കായി ഓഫിസുകളില്‍ എട്ടോളം തവണ കയറിയിറങ്ങുന്നത് നാലിലൊന്നായി കുറയും.
ആപ്പ് വഴി അപേക്ഷ നല്‍കുന്നവര്‍ പാസ്‌പോര്‍ട്ട് കോപ്പി, ഫോട്ടോ എന്നിവ ഓണ്‍ലൈനായി സബ്മിറ്റ് ചെയ്യേണ്ടതുണ്ട്. ഓണ്‍ലൈന്‍ വഴിതന്നെയാണ് തൊഴില്‍ കരാര്‍ ഒപ്പിടുന്നതും പൂര്‍ത്തീകരിക്കുക. അപേക്ഷിക്കുന്ന ആളുടെ മെഡിക്കല്‍ റിപ്പോര്‍ട്ടും അപ്‌ലോഡ് ചെയ്യുന്നതോടെ എമിറേറ്റ്‌സ് ഐഡിയും റസിഡന്‍സി പെര്‍മിറ്റും ലഭിക്കുമെന്നും അധികൃതര്‍ വിശദീകരിച്ചു.
The post വിസ സേനവങ്ങള്‍ക്കായി ഏകീകൃത പ്ലാറ്റ്‌ഫോം; വീട്ടുജോലിക്കുള്ള വിസക്ക് ഇനി അഞ്ചു മിനുട്ട് മതി appeared first on Metro Journal Online.