Kerala

പുഴയിൽ അസാധാരണ വേലിയേറ്റം; വീടുകളിൽ ഉപ്പുവെള്ളം കയറി: ദുരിതത്തിലായി നൂറിലേറെ കുടുംബങ്ങൾ

കണ്ണൂർ: മഴക്കാലത്തെ പ്രളയ ഭീതിയെക്കാൾ സങ്കടപ്പെടുത്തുന്ന ദുരിതമാണ് കണ്ണൂർ ജില്ലയിലെ ചെറുകുന്ന് പഞ്ചായത്തിലെ നാലോളം വാർഡുകളിന്ന് നേരിടുന്നത്. 32 ഡിഗ്രി സെൽഷ്യസിൽ കനത്ത ചൂട് നേരിടുന്ന ഇവിടെ ഇന്ന് ജനങ്ങൾക്ക് ഭീഷണിയാകുന്നത് പുഴകളുടെ വേലിയേറ്റവും വേലിയിറക്കവുമാണ്. ചന്ദ്രോദയത്തിൻ്റെ അടിസ്ഥാനത്തിൽ ആറ് മണിക്കൂർ ഇടവേളകളിലാണ് പുഴകളിലെ വേലിയേറ്റവും വേലിയിറക്കവും ഉണ്ടാകുന്നത്. എന്നാൽ ഇത്തവണ കാലാവസ്ഥയിൽ വലിയ മാറ്റം വന്നതോടെ വേലിയേറ്റത്തിൻ്റെ തീവ്രതയും കൂടി.

12 വർഷമായി നഴ്‌സറി അധ്യാപികയായി ജോലി ചെയ്യുന്ന മെഹറുനിസ ഇന്നേവരെ ഇതുപോലൊരു ദുരിതം നേരിട്ടിട്ടില്ല. ഉപ്പുകലർന്ന നിലം വൃത്തിയാക്കി വേണം 11 കുട്ടികളെയും നഴ്‌സറിയിലേക്ക് അയക്കാന്‍. മുട്ടിൽ അണക്കെട്ടിൻ്റെ പ്രതിസന്ധിയിൽപ്പെട്ട് വേലിയേറ്റത്തിൽ മുട്ടോളം വെള്ളം പൊങ്ങുന്ന വീട്ടിൽനിന്ന് ഉപ്പ് തുടച്ചു മാറ്റുകയാണ് മുട്ടിൽ സ്വദേശിനി സുചിത്ര. നട്ട് വളർത്തിയ തെങ്ങുകൾ എല്ലാം ഉപ്പു വെള്ളം കയറി ഇല്ലാതായി. പയറും കക്കിരിയും തഴച്ചുവളരുന്ന പാടം ആർക്കും വേണ്ടാത്ത ഇടമായി. തീരദേശ റോഡെങ്കിലും വേണമെന്നാണ് സുചിത്രയുടെ ആവശ്യം.

തൻ്റെ ബാല്യകാലത്തിൽ കുളിച്ചു തിമർത്ത പഴങ്ങോട്ടെ കുളം ഉപയോഗ ശൂന്യമായതിൻ്റെ സങ്കടമാണ് 57 വയസുള്ള പൊതുപ്രവർത്തകനായ ബാലകൃഷ്‌ണന്. ക്ഷേത്രമുറ്റത്തെ കിണർ തീർത്തും ഉപ്പുവെള്ളം കയറി നശിച്ചിരിക്കുന്നു. വെള്ളച്ചിറകൾക്ക് ബണ്ട് കെട്ടിയാൽ മാത്രമേ പരിഹാരമുണ്ടാകൂയെന്നും ബാലകൃഷ്‌ണൻ പറയുന്നു.

തീരദേശമേഖലയായ ചെറുകുന്ന് പഞ്ചായത്ത്

ചെറുകുന്ന് പഞ്ചായത്തിലെ മൂന്ന് വാർഡുകളൊഴികെ 10 വാർഡുകളും തീരദേശ മേഖലയാണ്. താവം,പുന്നച്ചേരി ദാലിൽ, കുന്നനങ്ങാട്, പഴങ്ങോട്, ഒദയമ്മാടം, വേങ്കീൽ, പുറഞ്ചാൽ, കട്ടക്കുളം, മുട്ടിൽ, പള്ളിക്കര തുടങ്ങിയ മേഖലയാകെ ഉപ്പുവെള്ളം കയറിയതിൻ്റെ ദുരിതത്തിലാണ്. താവം, പുന്നച്ചേരി, ഒദയമ്മാടം പാടശേഖരങ്ങളിലെ നെല്ല്, ഉഴുന്ന്, പയർ തുടങ്ങിയ കൃഷികൾ പൂർണമായും നശിച്ചു കഴിഞ്ഞു. കൃഷിനാശത്തോടൊപ്പം കിണറുകളിലെ കുടിവെള്ളവും മലിനപ്പെടുകയാണ് ഇപ്പോൾ.

പുഴയോരം പൂർണമായും ബണ്ട് കെട്ടി സംരക്ഷിച്ചാൽ മാത്രമേ ഉപ്പുവെള്ളത്തിൻ്റെ അനിയന്ത്രിതമായ കടന്നുകയറ്റം തടയാനാവുകയുള്ളൂ എന്നാണ് നാട്ടുകാർ പറയുന്നത്. പതിനൊന്നാം വാർഡായ മുട്ടിലിലും മൂന്നാം വാർഡായ പഴങ്ങോടും ഏതാണ്ട് നൂറിലേറെ വീടുകളാണുള്ളത്. ഇതിൽ ഉപ്പുവെള്ളത്തിൻ്റെ ഭീഷണി ഏറ്റവും കൂടുതൽ നേരിടുന്നത് അൻപതോളം വീടുകളാണ്.

കാലവർഷത്തിൽ പുഴ കരകവിഞ്ഞൊഴുകി സമ്മാനിക്കുന്ന പ്രളയവും വേനൽക്കാലത്ത് കാലാവസ്ഥ വില്ലനായി നൽകുന്ന വെള്ളക്കെട്ടും കൂടിയാകുമ്പോൾ എവിടെ പോകണമെന്നറിയാതെ വിറങ്ങലിച്ച് നിൽക്കുകയാണ് നൂറോളം കുടുംബങ്ങൾ. താത്കാലിക ബണ്ട് കെട്ടിയും ചരൽ ഇറക്കിയും താത്‌കാലിക റോഡുകൾ നിർമിച്ചുമാണ് ഇവർ വീടിനെ ഉപ്പുവെള്ളത്തിൽ നിന്ന് സംരക്ഷിക്കുന്നത്.

The post പുഴയിൽ അസാധാരണ വേലിയേറ്റം; വീടുകളിൽ ഉപ്പുവെള്ളം കയറി: ദുരിതത്തിലായി നൂറിലേറെ കുടുംബങ്ങൾ appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button